CinemaKeralaNews

ഇനിയും സിനിമക്കാർ കുടുങ്ങും, ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണസംഘത്തിന് നല്‍കണമെന്ന് ഹൈക്കോടതി ഹൈക്കോടതി നിർദേശിച്ചതോടെ കൂടുതല്‍ സിനിമക്കാര്‍ കുടുങ്ങാൻ സാധ്യത. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടവർക്കെതിരെ കേസെടുക്കേണ്ടി വരും. ഇല്ലെങ്കിൽ കൂടുതൽ നിയമനടപടികളിലേക്ക് പോകേണ്ടി വരും.

പ്രായപൂര്‍ത്തിയാവാത്തവരും ചൂഷണത്തിനിരയാകേണ്ടിവന്നുവെന്ന് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതിനാല്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ സാധ്യതകള്‍ ഉള്‍പ്പെടെ പരിശോധിക്കും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമ്പൂര്‍ണ രൂപത്തില്‍ ലഭിച്ചു കഴിഞ്ഞാല്‍ ഏതൊക്കെ കാര്യങ്ങളില്‍ കേസെടുക്കാനാകും കേസെടുക്കാനാവില്ല എന്ന കാര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടാകും രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കുക. റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ അവര്‍ പരാതിയുമായി മുന്നോട്ടുപോകാന്‍ തയ്യാറാണോയെന്നത് വിലയിരുത്തിയാകും തുടര്‍ നടപടികള്‍. അടുത്ത ദിവസം അന്വഷണ സംഘം സമ്പൂര്‍ണ യോഗം ചേര്‍ന്ന് വിശദമായ ചര്‍ച്ച നടത്തും.

വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇതുവരെ പ്രത്യേക അന്വേഷണ സംഘം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, പൂര്‍ണരൂപം കിട്ടുന്നതോടെ, റിപ്പോര്‍ട്ടില്‍ പേരുണ്ടാവുകയും അവര്‍ക്കെതിരേ തെളിവുകളോ മൊഴികളോ ഉണ്ടാവുകയും ചെയ്താല്‍ കേസെടുക്കാനാണ് നീക്കം. മാധ്യമങ്ങളിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരുടെ വെളിപ്പെടുത്തലുകള്‍ വന്നതിനെത്തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ല, വെളിപ്പെടുത്തലുകള്‍ നടത്തിയവരില്‍ നിന്ന് മൊഴി ശേഖരിച്ച ശേഷമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ 23 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പുറത്തുവന്ന കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒട്ടേറെപ്പേരുടെ മൊഴികളുണ്ടെങ്കിലും അത് ആരൊക്കെ നല്‍കിയതാണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പൂര്‍ണ രൂപത്തിലുള്ള റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയവരുടെ പേരുകളും ആര്‍ക്കെതിരായാണ് മൊഴി നല്‍കിയത് എന്നതും വ്യക്തമാക്കിയിട്ടുമുണ്ടെന്നതാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *