
ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളെ മാലയിട്ട് ആദരിച്ച് ഹിന്ദു സംഘടനകള്‍
ഒക്ടോബര്‍ 9ന് ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ബംഗളൂരുവില്‍ വലിയ സ്വീകരണം ഹിന്ദുത്വ സംഘടന നടത്തിയത്.
വിജയപുര: ഗൗരി ലങ്കേഷ് വധക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് ഹിന്ദു സംഘടനയുടെ ആദരം. കേസിലെ പ്രധാന പ്രതികളായ പരശുറാം വാഗ്മോറിനും മനോഹര്‍ യാദവെയ്ക്കും പ്രത്യേക കോടതി ഒക്ടോബര്‍ 9ന് ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ബംഗളൂരുവില്‍ വലിയ സ്വീകരണം ഹിന്ദുത്വ സംഘടന നടത്തിയത്. ശനിയാഴ്ച വൈകുന്നേരത്തോടെ എത്തിയ പ്രതികള ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്യുകയും ആദരിക്കുകയും ചെയ്തു. ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം വിളിക്കുകയും സനാതന്‍ ധര്‍മ്മത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
പ്രതികള്‍ കാളികാദേവി ക്ഷേത്രത്തിലെ മതപരമായ ചടങ്ങില്‍ പങ്കെടുക്കുകയും ശിവാജി സര്‍ക്കിളിലെ ശിവാജി മഹാരാജിന്റെ പ്രതിമയില്‍ മാല ചാര്‍ത്തുകയും ചെയ്തു. സംഭവത്തില്‍ ഹിന്ദുത്വ നേതാവ് ഉമേഷ് വന്ദല്‍ പ്രതിയെ ഷാളും മാലയും അണിയിച്ച് ആദരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അതേസമയം, ലങ്കേഷ് കൊലക്കേസില്‍ നിരപരാധികളെയാണ് പോലീസ് അന്യായമായി ഏഴ് വര്‍ഷം തടവില്‍ വെച്ചതെന്ന് ഹിന്ദു നേതാവ് നീലകണ്ഠ കണ്ടഗല്‍ വ്യക്തമാക്കി. പ്രതികള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത് ഹിന്ദു പ്രവര്‍ത്തകരെ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ലങ്കേഷ് പത്രികെ എന്ന പത്രത്തിന്റെ എഡിറ്ററുമായിരുന്ന ഗൗരി ലങ്കേഷ് 2017 സെപ്റ്റംബര്‍ 5 ന് രാത്രിയാണ് ബംഗളുരുവിലെ രാജരാജേശ്വരി നഗറിലെ തന്‍രെ വസതിക്ക് മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.