വൈദ്യുത വാഹന നിര്‍മാതാക്കളായ ‘അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്’ ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 25-30 ഷോറൂമുകള്‍ തുറക്കാന്‍ ലക്ഷ്യമിടുന്നു. ഏറ്റവും വലിയ ഷോറൂം കൊച്ചിയില്‍ പാലാരിവട്ടം ബൈപ്പാസില്‍ 3,500 ചതുരശ്ര അടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കമ്പനിയുടെ നാലാമത്തെ ഷോറൂമാണിത്. നിലവില്‍ ബെംഗളൂരു, പൂനൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് ഷോറൂമുണ്ടായിരുന്നത്.
പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ ഏറ്റവും പ്രിയപ്പെട്ട വിപണികളിലൊന്നായ കേരളത്തില്‍ ഈ വിഭാഗത്തിൻ്റെ അഞ്ച് ശതമാനം കൈയാളാനാണ് അള്‍ട്രാവയലറ്റ് ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ സി.ഇ.ഒ.യും കോ-ഫൗണ്ടറുമായ നാരായണ്‍ സുബ്രഹ്‌മണ്യം പറഞ്ഞു. ഷോറൂം നെറ്റ് വർക്ക് വിപുലീകരിക്കുന്നതിനൊപ്പം അതിവേഗ ചാര്‍ജിങ് കേന്ദ്രങ്ങളുടെ ശൃംഖലയും ഒരുക്കും. 10.3 കിലോവാട്ട് ശേഷിയുള്ള എസ്.ആര്‍.ബി.7 ലിഥിയം അയോണ്‍ ബാറ്ററിയാണ് ‘എഫ്77 മാക് 2’ എന്ന കമ്പനിയുടെ മോഡലിന് കരുത്തേകുന്നത്. ബാറ്ററിക്ക് എട്ടുലക്ഷം കിലോമീറ്റര്‍ ദൂരംവരെയാണ് വാറൻ്റി. ഒറ്റ ചാര്‍ജിങ്ങില്‍ 323 കിലോമീറ്ററാണ് റെയ്ഞ്ച്.
‘ഡിസൈന്‍ ഇന്‍ ഇന്ത്യ, ഡിസൈന്‍ ഫോര്‍ ദി വേള്‍ഡ്’ എന്ന ആശയത്തില്‍ നിര്‍മിക്കുന്ന ബൈക്കുകള്‍ ഈ വര്‍ഷംതന്നെ യൂറോപ്യന്‍ വിപണിയിലേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങുമെന്ന് നാരായണ്‍ സുബ്രഹ്‌മണ്യം വ്യക്തമാക്കി. ബെംഗളൂരു ആസ്ഥാനമായ അള്‍ട്രാവയലറ്റിൻ്റെ ആദ്യകാല നിക്ഷേപകരിലൊരാളാണ് ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാന്‍. വാഹനപ്രേമിയായ ദുല്‍ഖറിൻ്റെ സാന്നിധ്യം കേരളം ഉള്‍പ്പെടെയുള്ള വിപണികളില്‍ കമ്പനിയെക്കുറിച്ച് കൂടുതല്‍ അവബോധമുണ്ടാകാന്‍ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.