കോഴിക്കോട്: ഗുരുതര ആരോപണങ്ങളെ തുടർന്ന് സസ്‌പെൻഡ് ചെയ്തിരുന്ന മുൻ എംഎല്‍എയെ തിരിച്ചെടുത്ത് സിപിഎം. പോക്സോ കേസ് പ്രതിയെ രക്ഷിക്കാൻ ഇടപെടൽ നടത്തിയെന്നും 25 ലക്ഷം കൈക്കൂലി വാങ്ങിയെന്നും സിപിഎം കണ്ടെത്തിയ ജോർജ് എം തോമസിനെയാണ് തിരിച്ചെടുത്തത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തിരുവമ്പാടി മുൻ എംഎല്‍എയുമായ ജോർജിനെ 2023 ജൂലൈയിലാണ് സസ്‌പെൻഡ് ചെയ്തത്.
സസ്പെൻഷന് 14 മാസത്തിന് ശേഷം പാർട്ടി സമ്മേളന കാലത്താണ് ജോർജ് എം തോമസിനെ തിരിച്ചെടുക്കുന്നത്. സാമ്പത്തിക ക്രമക്കേടും പാർട്ടി അച്ചടക്ക ലംഘനവുമാണ് നടപടിയിലേക്ക് നയിച്ചത്.
പോക്സോ പീഡന കേസിലെ പ്രതിയെ രക്ഷിക്കാൻ ഇടപെടൽ നടത്തി, പ്രതിയില്‍ നിന്ന് 25 ലക്ഷം കൈപ്പറ്റി, സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമി പകരം നല്‍കി, നാട്ടുകാരനില്‍ നിന്ന് വഴി വീതി കൂട്ടാൻ മധ്യസ്ഥനെന്ന നിലയില്‍ 1 ലക്ഷം രൂപ വാങ്ങി, ക്വാറി മുതലാളിമാരെക്കൊണ്ട് വീട് നിർമ്മാണത്തിന് സാമഗ്രികള്‍ വാങ്ങിപ്പിച്ചു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് സിപിഎം അന്വേഷണത്തിൽ ശരിവെച്ചത്.
ജോർജ്ജ് എം തോമസിനെതിരായി സിപിഎം ജില്ലാ കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷൻറെ പ്രധാനവും ഏറ്റവും ഗുരുതരവുമായ കണ്ടെത്തലുകള്‍ ഇവയായിരുന്നു.
പീഡന പരാതിയിലെ ധനാഢ്യനായ പ്രതിയെ പൊലീസ് ഉദ്യോഗസ്ഥൻറെ സഹായത്തോടെ രക്ഷപെടുത്തി. ഇതിനായി ഉദ്യോഗസ്ഥന് വയനാട്ടില്‍ ബിനാമിയായി ഭൂമിയും റിസോർട്ടും വാങ്ങി നല്‍കി. ഇതേ കേസിലെ പ്രതിയും സഹോദരനും തമ്മില്‍ തർക്കമുണ്ടായപ്പോള്‍ 10 കോടി രൂപ ഇടപാടിന് മധ്യസ്ഥം നിന്നു. ലാഭവിഹിതമായി പണം ലഭിച്ചയാളില്‍ നിന്ന് 25 ലക്ഷം രൂപ ലോക്കൽ കമ്മിറ്റി ഓഫിസ് കെട്ടിട നിർമ്മാണത്തിനെന്ന പേരിൽ വാങ്ങി.
ജോർജ്ജ് എം തോമസ് പുതിയ വീട് നിർമ്മിച്ചപ്പോള്‍ ടൈലും ഗ്രാനൈറ്റും മറ്റും വാങ്ങി നല്‍കിയത് ക്വാറിക്കാർ. ഇതിൻറെ ബില്ലുകളും മറ്റും ശേഖരിച്ചാണ് പാർട്ടി കമ്മീഷൻ റിപ്പോർട്ട് നല്‍കിയത്. ഈയിനത്തില്‍ ലക്ഷങ്ങളാണ് പറ്റിയത്.
നാട്ടുകാരനായ ഒരാളില്‍ നിന്ന് വീട്ടിലേക്കുള്ള വഴി വീതി കൂട്ടാൻ സഹായിക്കാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപാ കൈക്കൂലി വാങ്ങി.
മണ്ഡലത്തിലെ സ്വകാര്യ പദ്ധതി നടത്തിപ്പുകാരോട് വീട് നിർമ്മാണത്തിനായി കമ്പിയും മറ്റ് സാമഗ്രികളും സൗജന്യമായി കൈപ്പറ്റി.
ജോർജ്ജ് എം തോമസ് എംഎല്‍എ ആയിരുന്ന 2006 -11. 2016-21 കാലയളവിലാണ് ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയത്. എന്നാൽ ആരോപണങ്ങളില്‍ എംഎല്‍എ എന്ന നിലയ്ക്കുള്ള അവകാശം വിനിയോഗിച്ചു എന്നായിരുന്നു ജോർജിൻറെ വിശദീകരണം. ഇത് വിശ്വാസ്യ അല്ലെന്ന് കണ്ടായിരുന്നു പാർട്ടി നടപടി.
ബലാത്സംഗം, അഴിമതി, സ്വർണ്ണക്കടത്ത് തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങൾ പോലും പൊലീസിന് കൈമാറാതെ പാർട്ടി തലത്തിൽ അന്വേഷണ പ്രഹസനം നടത്തുന്ന ജനാധിപത്യവിരുദ്ധ പാർട്ടിയാണ് സിപിഎം എന്ന വിമർശനം പല ഘട്ടത്തിലും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ അധികാരത്തിൻറെ അഹന്തയിൽ നിയമങ്ങൾ കാറ്റിൽ പറത്തി കുറ്റവാളികൾക്ക് കൂട്ട് നിൽക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയസമീപനത്തിൻറെ ഒടുവിലത്തെ ഉദാഹരണമാണ് ഇത്.