News

കെ.എൻ. ബാലഗോപാലിൻ്റെ പ്ലാൻ ബി! പട്ടികജാതി വിഭാഗക്കാരുടെ പദ്ധതിയില്‍ 50 % വെട്ടി കുറവ്; ഉത്തരവ് ഇറങ്ങി

ധനമന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ പ്ലാൻ ബി യുടെ ഭാഗമായി പട്ടികജാതി വകുപ്പിൻ്റെ പദ്ധതികൾ 50 ശതമാനം വെട്ടി കുറച്ചു. പട്ടികജാതി വിഭാഗക്കാർക്ക് ലൈഫ് മിഷൻ വഴി വീട് നൽകുന്ന പദ്ധതിക്ക് വകയിരുത്തിയ തുക ഉൾപ്പെടെയാണ് വ്യാപകമായി വെട്ടിക്കുറച്ചത്. ജനുവരി 25 നാണ് പട്ടിക ജാതി വകുപ്പിൽ നിന്ന് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്.

ഭവന രഹിത പട്ടികജാതി വിഭാഗക്കാർക്ക് ലൈഫ് മിഷൻ വഴി നടപ്പാക്കുന്ന ഭവന പദ്ധതിക്ക് 300 കോടിയാണ് ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ വകയിരുത്തിയത്. ഇത് 120 കോടിയാക്കിയാണ് വെട്ടി കുറച്ചിരിക്കുന്നത്. 60 ശതമാനം വെട്ടികുറവാണ് ഈ പദ്ധതിയിൽ മാത്രം വരുത്തിയിരിക്കുന്നത്.

പട്ടികജാതി കുടുംബങ്ങളുടെ ഭാഗികമായി നിർമ്മിച്ച ഭവനങ്ങളുടെ പൂർത്തികരണത്തിനും ജീർണ്ണിച്ച ഭവനങ്ങളുടെ മെച്ചപ്പെടുത്തലിനും പഠനമുറികളുടെ നിർമ്മാണത്തിനും ധനസഹായം നൽകുന്നതിന് ബജറ്റിൽ 222.06 കോടിയാണ് വകയിരുത്തിയിരുന്നത്. ഇത് 173.06 കോടിയായി വെട്ടികുറച്ചു. ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങൾക്ക് ഭവന നിർമ്മാണത്തിന് ഭൂമി വാങ്ങാൻ സഹായം നൽകുന്ന പദ്ധതിക്ക് 170 കോടിയായിരുന്നു ബജറ്റ് വിഹിതം.

ഇത് 70.25 കോടിയായി വെട്ടികുറച്ചു. ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് / രക്ഷിതാക്കൾക്ക് അവരുടെ പെൺമക്കളുടെ വിവാഹത്തിനായി വിവാഹ ധനസഹായമായി 1.25 ലക്ഷം രൂപ നൽകുന്ന പട്ടിക ജാതി യുവതികൾക്ക് വിവാഹ ധനസഹായം നൽകുന്ന പദ്ധതിക്ക് 86 ലക്ഷം ആയിരുന്നു ബജറ്റ് വിഹിതം. ഇത് 50 ലക്ഷമാക്കി വെട്ടി കുറച്ചു.

പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടികളുടെ വിദ്യാഭ്യാസം, കഴിവുകൾ, സാമൂഹിക നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഇൻഷുറൻസ് പദ്ധതിയാണ് വാൽസല്യ നിധി. 10 കോടി രൂപയായിരുന്നു ഇതിൻ്റെ ബജറ്റ് വിഹിതം. ഈ പദ്ധതിക്ക് ഒരു രൂപ പോലും കൊടുക്കണ്ട എന്നാണ് ഉത്തരവ്. വാൽസല്യ നിധിക്ക് 100 ശതമാനം വെട്ടി കുറവ് എന്നർത്ഥം.നിരവധി പദ്ധതികൾ സമാന മാതൃകയിൽ വെട്ടികുറവ് നടത്തി.

Plan fund for Scheduled Caste and Scheduled Tribe Government Order

സാമ്പത്തിക വർഷം തീരാൻ 2 മാസം മാത്രം ഉള്ളപ്പോൾ പട്ടിക ജാതി വിഭാഗക്കാരുടെ ലൈഫ് മിഷന് നൽകിയത് വെറും 30 ശതമാനം മാത്രമാണെന്ന് പ്ലാനിംഗ് ബോർഡ് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. 9 ഓളം ന്യൂന പക്ഷ സ്കോളർഷിപ്പ് സർക്കാർ 50 ശതമാനമായി വെട്ടി കുറച്ചതിന് പിന്നാലെയാണ് പട്ടിക ജാതി വിഭാഗക്കാരുടെ പദ്ധതികളിലും വെട്ടി കുറവ് നടത്തിയത്.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിനും മന്ത്രി മന്ദിരം മോടി പിടിപ്പിക്കാനും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും കുടുംബങ്ങളുടേയും വിദേശ സന്ദർശനത്തിനും ലോക കേരള സഭക്കും മാത്രമാണ് പണം കൃത്യമായി ബാലഗോപാൽ നൽകുന്നത്. സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമാണ് പദ്ധതി വിഹിതത്തിലെ 50 ശതമാനം വെട്ടിക്കുറവ്.

Leave a Reply

Your email address will not be published. Required fields are marked *