
13 വർഷം മുമ്പ് മരിച്ച ഗായകൻ പാടിയ പാട്ട് ; ട്രെൻഡിങ് ഗാനം ‘മനസ്സിലായോ’യുടെ രഹസ്യങ്ങൾ
രജനികാന്തും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്ന വേട്ടയാനിലെ “മനസ്സിലായോ”എന്ന ഗാനം ബ്ലോക്ക്ബസ്റ്റർ ആയിരിക്കുകയാണ്. യുട്യൂബിൽ ട്രെൻഡിങ് നമ്പർ വൺ ആണ് ഈ പാട്ട്. റിലീസിന് മുമ്പ് തന്നെ ബ്ലോക്ക്ബസ്റ്റർ ആകുന്ന ആദ്യ ഗാനമാണ് “മനസ്സിലായോ”. എന്നാൽ 15 മണിക്കൂറിനുള്ളിൽ 36 ലക്ഷത്തിലധികം പേർ കണ്ട പാട്ടിനു പിന്നിലും ചില രഹസ്യങ്ങളുണ്ട്.
13 വർഷം മുമ്പ് മരിച്ച ഗായകൻ പാടിയതാണ് ഈ ഗാനം. അതായത് എ ഐ സഹായത്തോടെ നിർമിച്ച ഗാനമാണ് “മനസ്സിലായോ” എന്നത്. ഇതാദ്യമായിട്ടാണ് പാട്ടിൽ എ ഐ സഹായം ഉപയോഗിക്കുന്നത് എന്നുള്ളതും ഒരു പ്രത്യേകതയാണ്. യുഗേന്ദ്രൻ വാസുദേവൻ, അനിരുദ്ധ് രവിചന്ദർ, ദീപ്തി സുരേഷ് എന്നിവരും കൂടെ പാടിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെങ്കിലും ഇതിനുള്ളിൽ ഒരു മലയാളം പാട്ട് ഇടംപിടിച്ചു എന്നതിൽ മലയാളികൾക്ക് അഭിമാനിക്കാം.
ലൈക്ക പ്രൊഡക്ഷൻസ് നിർമിച്ച ‘വേട്ടയാൻ’ ഒക്ടോബർ പത്താം തീയതി റിലീസ് ചെയ്യും. നടൻ അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്ന നാലാമത് ചിത്രം കൂടിയാണിത്. അന്ധാ കാനൂൻ, ഗെരാഫ്താർ, ഹം സിനിമകളിൽ ഇരുവരും മുൻപ് ഒന്നിച്ചിരുന്നു. മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി, റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്ന മറ്റു താരങ്ങൾ.