CrimeNews

മകളുടെ ഭർത്താവിനെ ആസിഡോഴിച്ച് വെട്ടിക്കൊന്നയാള്‍ക്ക് ജീവപര്യന്തം ശിക്ഷ

കൊല്ലം: മുൻ വൈരാഗ്യം കാരണം മരുമകനെ ആസിഡ് ഒഴിച്ച ശേഷം വെട്ടിക്കൊന്ന കേസിൽ ഭാര്യാ പിതാവിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കല്ലുവാതുക്കൽ സ്വദേശി അരവിന്ദനെയാണ് (63) കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.

അഞ്ചൽ കോട്ടുക്കൽ ആലംകോട് രാഗേഷ് ഭവനിൽ രാഗേഷിനെ (33) കൊന്ന കേസിലാണ് ശിക്ഷ. കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി.എൻ.വിനോദാണ് ശിക്ഷ വിധിച്ചത്.

2018 ജനുവരി 16-നായിരുന്നു സംഭവം. പ്രതി അരവിന്ദന്റെ മകൾ ആതിര ആദ്യവിവാഹം വേർപെടുത്തിയശേഷം 2015-ൽ രാഗേഷിനെ വിവാഹം ചെയ്തു. ഇയാളുടെ ആദ്യവിവാഹമായിരുന്നു. വിവാഹ സമയത്ത് രാഗേഷിന് തൊഴിൽ കണ്ടെത്താൻ പ്രതി സാമ്പത്തികസഹായം വാഗ്ദാനം ചെയ്തിരുന്നു. വിവാഹശേഷം അതിൽനിന്നു പിന്മാറിയതിനെ തുടർന്ന് ഇരുവരും പിണക്കത്തിലായിരുന്നു. വീട്ടിൽ പോയ ഭാര്യ ആതിരയും കുഞ്ഞും മടങ്ങിവരാത്തതിനെ തുടർന്ന് രാഗേഷ് അവരെ അന്വേഷിച്ചെത്തിയപ്പോൾ കൊലപ്പെടുത്തിയെന്നാണ് കേസ്.

റബ്ബർഷീറ്റ് വ്യാപാരിയായ അരവിന്ദൻ വീട്ടിൽ സൂക്ഷിച്ചിരുന്ന ഫോമിക് ആസിഡ് രാഗേഷിന്റെ മുഖത്തും ദേഹത്തും ഒഴിച്ചു. പ്രാണരക്ഷാർഥം പുറത്തേക്കോടി വാട്ടർ ടാങ്കിൽനിന്ന് വെള്ളം ഒഴിച്ചുകൊണ്ടിരുന്നപ്പോൾ ചുറ്റികയും വെട്ടുകത്തിയുമായെത്തി അടിച്ചും കാലിൽ വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. എട്ടാം സാക്ഷിയായ ഭാര്യ ആതിരയും കൃത്യം കണ്ട അയൽക്കാരും പ്രതിക്ക് അനുകൂലമായി കോടതിയിൽ കൂറുമാറിയിരുന്നു.

രാഗേഷ് അത്യാസന്നനിലയിൽ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലുള്ളപ്പോള്‍ മജിസ്‌ട്രേറ്റിന് നൽകിയ മരണമൊഴിയാണ് നിർണായകമായത്. 2018 ഏപ്രിൽ 22-നാണ് രാഗേഷ് മരിച്ചത്.

പാരിപ്പള്ളി പോലീസ് അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസ് അന്വേഷിച്ചത് പോലീസ് ഇൻസ്പെക്ടർമാരായിരുന്ന എസ്.ഷെരീഫ്, പി.രാജേഷ് എന്നിവരാണ്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ളിക് പ്രോസിക്യൂട്ടർ സിസിൻ ജി.മുണ്ടയ്ക്കൽ ഹാജരായി. എ.എസ്.ഐ. രഞ്ജുഷ പ്രോസിക്യൂഷൻ സഹായിയായി.

Leave a Reply

Your email address will not be published. Required fields are marked *