കണ്ണൂര്‍ : പാർട്ടിയോട് പ്രതിഷേധം തുടർന്ന് മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജൻ. ക്ഷണിച്ചിട്ടും കണ്ണൂരിൽ ചടയൻ ഗോവിന്ദൻ ദിനാചരണത്തിൽ ഇ പി ജയരാജൻ പങ്കെടുത്തില്ല. അതൃപ്തിയില്ലെന്നും ചികിത്സയിലെന്നുമാണ് ഇ പി ജയരാജൻ വിട്ടുനിന്നതിനെക്കുറിച്ച് എം വി ജയരാജൻ പ്രതികരിച്ചത്.
എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇ പി ജയരാജന്‍ കടുത്ത അതൃപ്തിയിലാണ്. കഴിഞ്ഞ പത്ത് ദിവസമായി മാധ്യമങ്ങളെ കാണാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ ഇ പി ജയരാജൻ തയ്യാറായിട്ടില്ല. പ്രതികരണം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരോട് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് ഇ പി ജയരാജൻ അറിയിച്ചത്.
ഇ പി ജയരാജന്റെ ജാവദേക്കർ കൂടിക്കാഴ്ച പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നാണ് വിലയിരുത്തല്‍. കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇ പി ജയരാജൻ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അതിനപ്പുറത്തേക്ക് സംഘടനാപരമായി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി നടപടിയെടുക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.