തിരുവല്ല: വിദേശത്തുള്ള ഭാര്യയെ ഭീഷണിപ്പെടുത്താൻ സ്വന്തം മകളുടെ കഴുത്തില്‍ വടിവാള്‍ വച്ച് അച്ഛൻ്റെ ഭീഷണി. ആവശ്യപ്പെട്ട പണം നല്‍കുന്നതിനായിരുന്നു വീഡിയോ കോളിലൂടെയുള്ള അതിക്രമം. പ്രവാസി നഴ്സിൻ്റെ ഇമെയില്‍ പരാതിയില്‍ തിരുവല്ല സ്വദേശിയായ ഭർത്താവിനെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയെ ഭീഷണിപ്പെടുത്താൻ നാലു വയസ്സുകാരിയായ മകളുടെ കഴുത്തില്‍ വടിവാള്‍ വെച്ച് വീഡിയോ കോള്‍ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
ആവശ്യപ്പെട്ട പണം ഭാര്യ നല്‍കാത്തതിനേ തുടർന്നായിരുന്നു ഭീഷണി. തിരുവല്ല ഓതറ സ്വദേശി ജിൻസണ്‍ ബിജു ആണ് അറസ്റ്റില്‍ ആയത്. ഇ മെയില്‍ വഴിയാണ് തിരുവല്ല പോലീസിന് പരാതി ലഭിക്കുന്നത്. വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുന്ന ഭാര്യയെ ഭീഷണിപ്പെടുത്താൻ നാലു വയസ്സുകാരിയായ മകളുടെ കഴുത്തില്‍ വടിവാള്‍ വെച്ചശേഷം വീഡിയോ കോള്‍ വിളിച്ചു. പണം അയച്ചു കൊടുക്കാത്തതിന് ആയിരുന്നു ഭീഷണി എന്ന പരാതിയില്‍ പറയുന്നു.
ജിൻസണ്‍ ബിജു കഴിഞ്ഞ ആഴ്ച ഭാര്യയെ വിളിച്ചു 40000 രൂപ ആവശ്യപ്പെട്ടിരുന്നു. കൊടുക്കാതിരുന്നപ്പോള്‍ അസഭ്യ ശബ്ദ സന്ദേശം അയച്ചു. തുടർന്ന് വ്യാഴാഴ്ച രാത്രി 11 മണിയോടെ വീഡിയോ കോള്‍ ചെയ്തശേഷം, നാലര വയസ്സുകാരിയുടെ കഴുത്തില്‍ വടിവാള്‍ വച്ച് ഭീഷണി മുഴക്കുകയായിരുന്നു. കുട്ടിയുടെ വലതു വാരിയെല്ലിൻ്റെ ഭാഗത്ത് വടിവാള്‍ കൊണ്ട് പോറലേല്‍ക്കുകയും ചെയ്തു. ഭയന്നു നിലവിളിക്കുന്ന കുഞ്ഞിൻ്റെ ദൃശ്യം മാതാപിതാക്കള്‍ക്ക് വിദേശത്തുനിന്ന് ഭാര്യ അയച്ചുകൊടുത്തു. തുടർന്നാണ് പരാതി പൊലീസില്‍ കിട്ടിയത്. വിശദമായ അന്വേഷണത്തിനോടുവില്‍ ജിൻസനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി തിരുവല്ല പൊലീസ് കേസെടുത്ത. പ്രതി ലഹരിക്ക് അടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നത്.