‘സ്വർണക്കടത്ത് പ്രതികളായ സ്ത്രീകളെ പൊലീസുകാർ പീഡിപ്പിച്ചു; കാമഭ്രാന്തന്മാരാണ് ചില ഉദ്യോഗസ്ഥർ’: പിവി അൻവർ

കാമഭ്രാന്തന്മാരാണ് ചില ഉദ്യോഗസ്ഥർ. ലൈംഗികമായി ചൂഷണം ചെയ്‌തെന്നു മാത്രമല്ല, ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും ചെയ്തു

PV Anvar MLA
ലഹരി പാർട്ടി കേസില് പിവി അൻവർ എംഎല്‍എക്കെതിരെ നടപടി

സംസ്ഥാനത്തെ ക്രമസമാധാന ചുമതയുള്ള എഡിജിപി എം.ആർ.അജിത് കുമാർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ടു പി.വി.അൻവർ എംഎൽഎയുടെ ആദ്യഘട്ട മൊഴിയെടുപ്പ് പൂർത്തിയായി. ശനിയാഴ്ച രാവിലെ 11ന് തുടങ്ങിയ മൊഴിയെടുക്കൽ രാത്രി 9 മണിയോടെയാണ് അവസാനിച്ചത്. മലപ്പുറത്തെ സർക്കാർ അതിഥി മന്ദിരത്തിലാണു തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിനു മുൻപാകെ അൻവർ മൊഴി നൽകിയത്.

സ്വർണക്കടത്തിൽ പ്രതികളാകുന്ന സ്ത്രീകളെ പൊലീസുകാർ ലൈംഗികമായി ഉപയോ​ഗിച്ചു എന്നാണ് അൻവറിന്റെ പുതിയ ആരോപണം. ഉന്നത ഉദ്യോഗസ്ഥരും ഡാൻസാഫ് ഉദ്യോഗസ്ഥരും പ്രതികളായ സ്ത്രീകളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്നും അൻവർ പറഞ്ഞു.

സ്വർണക്കടത്തിൽ കാരിയർമാർമായ സ്ത്രീകൾ ജാമ്യത്തിലിറങ്ങുമ്പോൾ വേട്ടനായ്ക്കളെ പോലെ പിന്തുടർന്ന് ലൈംഗികമായി ഉപയോഗിച്ചു, കാമഭ്രാന്തന്മാരാണ് ചില ഉദ്യോഗസ്ഥർ. ലൈംഗികമായി ചൂഷണം ചെയ്‌തെന്നു മാത്രമല്ല, ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും ചെയ്തു-അൻവർ വിശദമാക്കി.

ചൂഷണത്തിന് ഇരയാകുന്ന സ്ത്രീകൾ പരാതി നൽകാൻ ഭയപ്പെടുകയാണെന്നും അതിനവർ മുന്നോട്ടുവന്നാൽ താനും സർക്കാരും പൂർണസംരക്ഷണം നൽകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. പത്ത് മണിക്കൂറോളം നീണ്ടുനിൽക്കുന്ന മൊഴിയെടുപ്പിന് ശേഷമാണ് അൻവർ പുതിയ വെളിപ്പെടുത്തൽ നടത്തിയത്.

മുഖ്യമന്ത്രിക്ക് എഴുതി നൽകിയ പരാതിയുമായി ബന്ധപ്പെട്ട തെളിവുകൾ കൈമാറിയെന്നു മൊഴിയെടുപ്പിനു ശേഷം അൻവർ പറഞ്ഞു. പി.ശശിക്കെതിരായ തെളിവുകൾ നൽകിയോ എന്ന ചോദ്യത്തിന്, ശശിക്കെതിരെയുള്ള തെളിവുകൾ പൊലീസിനല്ല, പാർട്ടിക്കാണു നൽകേണ്ടതെന്നായിരുന്നു മറുപടി. താൻ ഉന്നയിക്കുന്ന ആരോപണങ്ങളിൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തേ മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അൻവർ ആവർത്തിച്ചതെന്നാണു സൂചന. സ്വർണക്കടത്തിനു തെളിവായി, സുജിത് ദാസ് എസ്പിയായിരുന്ന കാലത്ത് കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങൾ കൈമാറി. 7–8 കിലോഗ്രാം സ്വർണം പിടിച്ചതിനു ശേഷം കോടതിയിൽ 147 ഗ്രാം സ്വർണം മാത്രം ഹാജരാക്കിയതിന്റെ തെളിവാണിതെന്ന് അൻവർ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോടും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷൻ നിർമാണത്തിൽ ക്രമക്കേട് കാണിച്ചുവെന്നതുൾപ്പെടെ മുൻ എസ്പി എസ്.സുജിത് ദാസിനെതിരെ പുതിയ ആരോപണങ്ങളും മൊഴിയെടുപ്പിനു ശേഷം അൻവർ മാധ്യമങ്ങളോട് ഉന്നയിച്ചു. ഒന്നാം ഘട്ടമാണു പൂർത്തിയായതെന്നും രണ്ടാംഘട്ട മൊഴിയെടുപ്പിൽ കൂടുതൽ തെളിവുകൾ കൈമാറുമെന്നും അൻവർ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments