കൽക്കട്ട: കൽക്കട്ടയിലെ ആർ.ജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ രാജിക്കൊരുങ്ങി തൃണമൂൽ എം പി. ജവഹർ സിർകാർ. പശ്ചിമ ബംഗാൾ സർക്കാരിൻറെ നടപടിയിൽ പ്രതിക്ഷേധിച്ചാണ് തൃണമൂൽ കോൺഗ്രസ് എംപി രാജിക്ക് ഒരുങ്ങുന്നത്. ഒരു മാസത്തോളം നടപടി ഉണ്ടാകുമെന്ന് വിശ്വാസത്തിൽ കാത്തിരുന്നു എന്നും അത് ഉണ്ടാകാത്തതിനാലാണ് രാജി തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജിക്ക് ശേഷം താൻ രാഷ്ട്രീയത്തിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുമെന്നും അദ്ദേഹം പറയുന്നു. സർക്കാരിൽ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടെന്ന് ആരോപിച്ച അദ്ദേഹം രാജ്യസഭാംഗത്വം രാജിവെക്കുമെന്ന് വ്യക്തമാക്കുന്ന കത്ത് മുഖ്യമന്ത്രി മമത ബാനർജിക്ക് അയച്ചു.
രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെങ്കിലും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ജനങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്നും ധാർമികപരമായ തൻറെ നിലപാടുകളിൽ മാറ്റമില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
മമത ബാനർജി പഴയ ശൈലിയിൽ നേരിട്ടുള്ള ഇടപെടൽ നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും അത് ഉണ്ടായില്ലെന്നും അദ്ദേഹം കത്തിൽ പറയുന്നു. സർക്കാർ ഇപ്പോൾ കുറ്റകൃത്യങ്ങൾക്ക് നേരെ സ്വീകരിക്കുന്ന നടപടികളെല്ലാം പരിമിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റവാളികളെ ശരിയായ രീതിയിൽ ശിക്ഷിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നുവെങ്കിൽ സംസ്ഥാനം സാധാരണനിലയിലേക്ക് മടങ്ങുമായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. ഉടൻ ഡൽഹിയിലെത്തി രാജി സമർപ്പിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം സംസ്ഥാനത്തെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യണമെന്നും ആവശ്യപ്പെടുന്നു.
ആഗസ്റ്റ് 9 നാണ് മൗമിത ദേബ്‌നാഥ് എന്ന ട്രെയിനീ ഡോക്റ്ററെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയുടെ സെമിനാർ റൂമിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികൾക്ക് ഉന്നത ബന്ധം ഉണ്ടെന്നും അതാണ് അന്വേഷണം വൈകുന്നത് എന്നും വിവിധ കോണിൽ നിന്ന് ആരോപണം ഉയർന്നിരുന്നു.