തിരുമല: തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിൽ വരുമാനം വർധിച്ചതായി റിപ്പോർട്ട്. അടുത്ത കാലത്തായി ക്ഷേത്രത്തിലേയ്‌ക്കെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർധനവുണ്ടായതോടെയാണ് വരുമാനവും റെക്കോർഡിലേയ്‌ക്ക് കുതിക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രമല്ല, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളാണ് തിരുപ്പതിയിലെത്തി ദർശനം നടത്തുന്നത്. ഈ വർഷം തുടക്കം മുതൽ ഇതുവരെ 921 കോടി രൂപ ക്ഷേത്രത്തിൽ വരുമാനമായി ലഭിച്ചുവെന്നാണ് റിപ്പോർട്ട്. 795.35 കോടി രൂപയാണ് ശ്രീവരി അക്കൗണ്ടിൽ എത്തിയത്.
ഈ വർഷം ജനുവരിയിൽ 116.46 കോടിയും ഫെബ്രുവരിയിൽ 111.71 കോടിയും മാർച്ചിൽ 118.49 കോടിയും ഏപ്രിലിൽ 101.63 കോടിയും മേയിൽ 108.28 കോടിയും ജൂണിൽ 113.64 കോടിയും ജൂലൈയിൽ 125.35 കോടിയും ക്ഷേത്രത്തിൽ വരുമാനമായി ലഭിച്ചു. കർക്കിടക മാസത്തിൽ 22.42 ലക്ഷം ഭക്തർ തിരുപ്പതിയിൽ ദർശനം നടത്തി. 24.33 ലക്ഷം പേർക്ക് പ്രസാദം നൽകിയതായും തിരുമല ദേവസ്ഥാനം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.