CrimeNationalNews

കൊല്‍ക്കത്ത ബലാത്സംഗ കൊലപാതകം; ഡിഎൻഎ ഫലം കൂടി കിട്ടിയാല്‍ അന്വേഷണം പൂർത്തിയാകും

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ വനിത ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ ഡിഎൻഎ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് സിബിഐ. ഫലം ലഭിക്കുന്നതോടെ അന്വേഷണം പൂർത്തിയാകും. ഒരാഴ്ചക്കുള്ളില്‍ അന്തിമറിപ്പോർട്ട് തയ്യാറാകും.

കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബവും സമരം ചെയ്യുന്ന ഡോക്ടർമാരും സംഭവത്തില്‍ സിബിഐ അന്വേഷണത്തിനായി വലിയ രീതിയില്‍ സമ്മർദ്ദം ചെലുത്തിയിരുന്നു. കഴിഞ്ഞ മാസത്തിലാണ് കേസിൻ്റെ അന്വേഷണം സിബിഐ ഏറ്റെടുത്തത്. സിബിഐ അന്വേഷണത്തിലും പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയില്‍ തന്നെയാണ് അന്വേഷണം ഒതുങ്ങി നില്‍ക്കുന്നത്. ഇയാളുടെ മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തില്‍ ഇയാള്‍ മാത്രമാണ് പ്രതി എന്നാണ് മനസിലാകുന്നതെന്ന് സിബിഐ വ്യക്തമാക്കുന്നു. അടുത്ത ഘട്ടമെന്ന നിലയിലാണ് ഡിഎൻഎ ഫലം കാത്തിരിക്കുന്നത്.

കൊല്ലപ്പെട്ട ഡോക്ടറുടെ ശരീരത്തില്‍ നിന്നും ശേഖരിച്ച സാംപിളുകള്‍ ദില്ലി എയിംസില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ഈ പരിശോധന ഫലം ലഭിക്കുമെന്ന് സിബിഐ പറയുന്നു. എല്ലാ ശാസ്ത്രീയ തെളിവുകളും ഈ പ്രതിയില്‍ തന്നെ കേന്ദ്രീകരിക്കുന്നു എന്നാണ് സിബിഐയും വ്യക്തമാക്കുന്നത്. അടുത്തയാഴ്ച റിപ്പോർട്ട് സിബിഐ സുപ്രീം കോടതിയില്‍ സമർപ്പിക്കും. കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *