സർക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധിയായ കെ.വി തോമസിൻ്റെ ഉറക്കം കെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഒരു കോൺഗ്രസ് മുഖ്യമന്ത്രി. ഹിമാചൽ പ്രദേശിലെ കോൺഗ്രസ് മുഖ്യമന്ത്രി സുഖ് വിന്ദർ സിംങ് സുഖു കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബിൽ ആണ് കെ.വി. തോമസിൻ്റെ ഉറക്കം കൊടുത്തിയത്. കുറുമാറുന്ന എം. എൽ. എ മാർക്ക് പെൻഷൻ നൽകരുതെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ബില്ലാണ് ഹിമാചൽ മുഖ്യമന്ത്രി സുഖ് വിന്ദർ സിംങ് സുഖു കഴിഞ്ഞ ദിവസം സഭയിൽ അവതരിപ്പിച്ചത്. അതേസമയം, ഈ ബില്ലിൽ എങ്ങാനും പ്രചോദനം ഉൾകൊണ്ട് കേരളത്തിലെ അടുത്ത കോൺഗ്രസ് സർക്കാർ ഇങ്ങനൊരു ബില്ല് കൊണ്ട് വന്നാൽ കെ.വി തോമസിൻ്റെ കാര്യം കട്ടപ്പൊകയാണ്.
കൂടാതെ, ഇതിന് മുൻകാല പ്രാബല്യം കൂടി നൽകിയാൽ കെ.വി തോമസിന് കിട്ടിയ എം എൽ എ പെൻഷനും എം.പി പെൻഷനും തിരിച്ച് കൊടുക്കേണ്ടി വരും. കോൺഗ്രസിൽ നിന്ന് നാല് തവണ എം എൽ എ ആയും നാല് തവണ എം.പിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കെ.വി തോമസ്, 2021ൽ പിണറായി തുടർഭരണം നേടിയതോടെ എല്ലാം നൽകിയ കോൺഗ്രസിനെ തള്ളി പറഞ്ഞു. തുടർന്ന് കെ.വി തോമസ് പിണറായിയുടെ ഒക്ക അങ്ങ് ചങ്ങായി ആയി. കാബിനറ്റ് റാങ്കിൽ ദില്ലിയിലെ സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി ആയി ഇപ്പോൾ കെ.വി തോമസ് അങ്ങനെ വിലസുകയാണ്. അദ്ധ്യാപക പെൻഷന് പുറമെ എം എൽ എ പെൻഷനും എം.പി പെൻഷനും കെ.വി തോമസിന് ലഭിക്കുന്നുണ്ട്. അത് കൂടാതെയാണ് ദില്ലിയിലെ ജോലിയുടെ വക 1 ലക്ഷം ഓണറേറിയവും.
കൂടാതെ, അഞ്ച് വർഷം എം എൽ എ ആയാൽ 20,000 രൂപയാണ് പെൻഷൻ ലഭിക്കുക. പിന്നിടുള്ള ഓരോ വർഷത്തിനും 1000 രൂപ വീതം പെൻഷനിൽ വർധന ഉണ്ടാകും. പരമാവധി എം എൽ എ പെൻഷൻ 50000 രൂപയാണ്. ഇതു കൂടാതെ ധാരാളം പെൻഷൻ അലവൻസുകളും ഉണ്ട്. അതിനാൽ തന്നെ കോൺഗ്രസിൽ നിന്ന് പരമാവധി നേടി ചാടി പോയതു കൊണ്ട് ഹിമാചൽ മോഡലിൽ ബില്ല് അടുത്ത കോൺഗ്രസ് സർക്കാർ കൊണ്ട് വരുമോ എന്ന ആശങ്ക കെ.വി തോമസിനുണ്ട്. കാരണം, സർക്കാർ മാറും എന്ന് ഏറ്റവും നന്നായറിയാവുന്ന ആളാണ് കെ.വി തോമസ്. പിണറായിക്ക് എതിരാണ് കാറ്റ് എന്ന് അറിയാൻ കെ.വി തോമസിന് പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമില്ല. കൂടാതെ നല്ലൊരു ഭക്തൻ കൂടിയാണ് കെ.വി തോമസ്. അതുകൊണ്ടുതന്നെ ഹിമാചൽ മുഖ്യമന്ത്രിയുടെ ബുദ്ധി കേരളത്തിലെ അടുത്ത കോൺഗ്രസ് മുഖ്യമന്ത്രിക്ക് ഉണ്ടാകരുതേ എന്ന് മുട്ടിപ്പായി പ്രാർത്ഥിക്കുകയാണ് ഇപ്പോൾ കെ.വി തോമസ്.