ന്യുഡൽഹി: ആം ആദ്മി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് മുതിർന്ന നേതാവ് രാജേന്ദ്ര പാൽ ഗൗതം. ഡൽഹി നിയമസഭയിൽ സാമൂഹിക ക്ഷേമ മന്ത്രിയായിരുന്ന നേതാവാണ് രാജേന്ദ്ര പാൽ. ആം ആദ്മി പാർട്ടിയുടെ ദളിത് മുഖം കൂടിയായിരുന്ന രാജേന്ദ്ര പാൽ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത് ആം ആദ്മിക്ക് കൂടുതൽ ക്ഷീണമായി. പടിവാതിൽക്കൽ എത്തി നിൽക്കുന്ന നിയമസഭാ തിരഞ്ഞക്കെടുപ്പിന് മുന്നേ മുതിർന്ന നേതാവ് തന്നെ പാർട്ടി വിട്ടത് ആം ആദ്മി കേന്ദ്രങ്ങളെ ഞെട്ടിച്ചു.
ഹരിയാനയിൽ കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്കിടയിലാണ് മുൻ മന്ത്രി കൂടിയായ രാജേന്ദ്ര പാലിൻറെ നീക്കം. ആം ആദ്മി പാർട്ടി സാമൂഹിക സമത്വത്തിൽ എടുക്കുന്ന ഇരട്ടത്താപ്പ് ചോദ്യം ചെയ്തുകൊണ്ടാണ് രാജേന്ദ്ര പാൽ പാർട്ടി വിട്ടത് എന്നതും ശ്രദ്ധേയം.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് എന്നിവരുടെ സാന്നിധ്യത്തിൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് വെള്ളിയാഴ്ച നടന്ന ഔപചാരിക ചടങ്ങിലാണ് രാജേന്ദ്രപാൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
രണ്ട് തവണ സീമാപുരി എംഎൽഎയായ രാജേന്ദ്ര പാൽ രാഹുൽ ഗാന്ധിയുടെ പ്രത്യയശാസ്ത്ര നിലപാടുകളെ പ്രകീർത്തിക്കുകയും ചെയ്തു. സാമൂഹിക സമത്വം, സാമൂഹ്യനീതി, അധികാരത്തിലും വിഭവങ്ങളിലും പങ്ക്, തുടങ്ങിയ വിഷയങ്ങളിൽ എഎപി മൗനം പാലിക്കുന്നു എന്നും അദ്ദേഹം വിമർശിച്ചു.
ആം ആദ്മി പാർട്ടിയിലെ തൻറെ എല്ലാ ചുമതലകളും രാജിവെച്ചുകൊണ്ടുള്ള പ്രസ്താവനയും രാജിക്കത്തും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. “എല്ലാ മേഖലകളിലും ബഹുജൻ സമാജിൻ്റെ പങ്കാളിത്തത്തിന് വേണ്ടിയുള്ള പോരാട്ടം ത്വരിതപ്പെടുത്തുന്നതിനായി, ആം ആദ്മി പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും അംഗത്വത്തിൽ നിന്നും ഞാൻ രാജിവെക്കുന്നു . ജയ് ഭീം!” എന്നായിരുന്നു അദ്ദേഹം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചത്. അരവിന്ദ് കെജ്‌രിവാളിന് അയച്ച രാജിക്കത്തും ഇതിനൊപ്പം ചേർത്തിരുന്നു.
രാജ് കുമാർ ആനന്ദിന് ശേഷം ഈ വർഷം എഎപിയിൽ വിടുന്ന രണ്ടാമത്തെ ദളിത് മുഖമാണ് ഗൗതം. അതേസമയം ഡൽഹിയിൽ ഇനി എഎപി ടിക്കറ്റിൽ മത്സരിക്കാൻ കഴിയില്ല എന്ന ബോധ്യമാണ് അദ്ദേഹം പാർട്ടി മാറാൻ കാരണം എന്നാണ് മുതിർന്ന ആം ആദ്മി നേതാവ് പ്രതികരിച്ചത്.
വടക്കുകിഴക്കൻ ഡൽഹിയിലെ ഘോണ്ടയിലാണ് 56 കാരനായ രാജേന്ദ്ര പാൽ ജനിച്ച് വളർന്നത്. സാമൂഹിക പ്രവത്തകനായി പൊതുജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് അഭിഭാഷകനായി. ഏഴംഗ ഡൽഹി കാബിനറ്റിൽ സാമൂഹിക ക്ഷേമം, എസ്‌സി/എസ്‌ടി/ഒബിസി ക്ഷേമം, വനിതാ ശിശു വികസനം, ജലം, വിനോദസഞ്ചാരം, കല, സംസ്‌കാരം, ഭാഷ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2022 ഒക്ടോബറിൽ, ആയിരക്കണക്കിനാളുകൾ ബുദ്ധമതം സ്വീകരിക്കുന്ന ഒരു ചടങ്ങിൽ രാജേന്ദ്ര പാൽ പങ്കെടുത്തത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് മന്ത്രിസ്ഥാനത്ത് നിന്നും രാജിവെക്കുകയും ചെയ്തു. പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ സമീപനമാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ഇത് തുടരുമെന്നാണ് അദ്ദേഹം ആം ആദ്മി വിട്ടുകൊണ്ട് പ്രഖ്യാപിച്ചത്.