ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വേട്ടക്കാരെ ഇപ്പോൾ വലയിലാക്കുമെന്ന് വീമ്പിളക്കിയ പോലീസിനും അതെ നാണയത്തിൽ തന്നെ കുരുക്ക്. പൊലീസിലെ ഉന്നതര്‍ക്കെതിരെ വളരെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പരാതി നല്‍കാനെത്തിയപ്പോൾ പൊലീസുകാര്‍ പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയിരിക്കുന്ന പരാതി. മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍ തന്നെ ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. പൊലീസ് ഉന്നതര്‍ പരസ്പരം കൈമാറിയായിരുന്നു പീഡനമെന്നും യുവതി റിപ്പോർട്ടർ ചാനലിനോടാണ് വെളിപ്പെടുത്തിയത്.
2022ല്‍ മലപ്പുറത്തായിരുന്നു കേസിനാസ്പദമായ കൊടുംക്രൂരത നടന്നത്. വസ്തുസംബന്ധമായ പ്രശ്‌നം പരിഹരിക്കാനായിരുന്നു യുവതി പൊലീസിനെ സമീപിച്ചത്. പൊന്നാനി സിഐ വിനോദിനാണ് പരാതി നല്‍കിയത്. എന്നാല്‍ സിഐ വിനോദ് തന്നെ വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് യുവതി കൈമാറിയിരുന്നു. എന്നാൽ ഡിവൈഎസ്പി ബെന്നിയും വീട്ടിലെത്തി തന്നെ ഉപദ്രവിച്ചതായി യുവതി പറയുന്നു. സി ഐയിൽ നിന്നും ഡിവൈഎസ്പിയിൽ തനിക്ക് നീതി ലഭിക്കാത്തതിനാൽ യുവതി തുടർന്ന് സമീപിച്ചത് മലപ്പുറം എസ്പിയെ ആയിരുന്നു. എന്നാൽ സുജിത് ദാസിൽ നിന്നും അതെ അനുഭവം തന്നെയാണ് ഉണ്ടായതെന്ന് യുവതി പറയുന്നു.
കൂടാതെ, വിവരം പുറംലോകമറിയാതിരിക്കാൻ സുജിത് ദാസ് ഭീഷണിപ്പെടുത്തിയതായും യുവതി റിപ്പോർട്ടർ ചാനലിനോട് വ്യക്തമാക്കി. കൊന്നു കളയുമെന്നും രണ്ടു കുട്ടികള്‍ക്ക് ഉമ്മ ഇല്ലാതാക്കുമെന്നായിരുന്നു എസ്പിയുടെ ഭീഷണി. കൂടാതെ, കസ്റ്റംസ് ഓഫീസര്‍ക്കും വഴങ്ങിക്കൊടുക്കണമെന്ന് നിർബന്ധിക്കുകയും ചെയ്തു. എന്നാൽ, അവിടെ രക്ഷപ്പെട്ട് ഓടുകയായിരുന്നുവെന്നും തന്റെ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും യുവതി പറയുന്നു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ അങ്കിളെന്നാണ് സുജിത് ദാസ് വിശേഷിപ്പിച്ചത്. അപ്പോൾ അതിൽ നിന്നും പിണറായി വിജയനും എസ്പി സുജിത് ദാസും തമ്മിലുള്ള ബന്ധം വ്യക്തമാണ്.
എന്നാൽ ഇപ്പോള്‍ വിവരം പുറത്തുപറയാന്‍ കാരണമെന്താണെന്ന ചോദ്യത്തിന് യുവതിയുടെ മറുപടി ഇങ്ങനെയാണ്…എസ്പിയെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഇതൊക്കെ വെളിപ്പെടുത്തണമെന്ന് തോന്നി. കാരണം, ഇനി ഒരു സ്ത്രീയെയും ഇവരാരും ഉപദ്രവിക്കരുത്. കൂടാതെ തനിക്ക് നീതി ലഭിക്കണമെന്നും പാവങ്ങള്‍ എന്ന് കരുതി ഇനി ആരെയും ഇങ്ങനെ ചെയ്യരുതെന്നും യുവതി റിപ്പോർട്ടർ ചാനലിനോട് വെളിപ്പെടുത്തി. എന്തായാലും കടുവയെ പിടിച്ച കിടുവ എന്നൊക്കെ പറയുന്നത് പോലെ മറ്റുള്ളവരെ അകത്താക്കാൻ പോയി ഒടുവിൽ നീതി നടപ്പിലാക്കേണ്ട പോലീസ് തന്നെ അഴിക്കുള്ളിലാകുമെന്ന സ്ഥിതിയിലാണ്.