ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ നിന്നുകൊണ്ട് നടത്തിയ രാഷ്‌ട്രീയ പരാമർശങ്ങൾക്ക് രൂക്ഷ വിമർശനവുമായി ഇടക്കാല സർക്കാരിനെ നയിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ മുഹമ്മദ് യൂനുസ്. ഹസീനയുടെ പ്രസ്താവനകൾ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതാണെന്നും, അത്തരം പ്രസ്താവനകൾ ഒരിക്കലും ഗുണകരമല്ലെന്നും യൂനുസ് പറഞ്ഞു.
“ഇന്ത്യയിൽ നിന്ന് ഹസീന സംസാരിക്കുന്നത് ബംഗ്ലാദേശിന്റെ ആന്തരിക കാര്യങ്ങളിൽ അനാവശ്യമായ ഇടപെടലായി മാറുന്നു,” അദ്ദേഹം വിശദീകരിച്ചു. “ബംഗ്ലാദേശ് ആവശ്യപ്പെടുമ്പോൾ ഇന്ത്യ അവരെ കൈമാറണം. അവർ ഇന്ത്യയിൽ തുടരുന്നത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിശബ്ദത പാലിക്കേണ്ടതാണ്,” യൂനുസ് കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിൽ ഉണ്ടായ തീവ്രവാദ പ്രവർത്തനങ്ങളെയും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുന്നതിനെ കുറിച്ചും ഹസീന നേരത്തെ നടത്തിയ പരാമർശങ്ങൾ പ്രയോഗത്തിൽ നീതിനിഷേധം ഉണ്ടാക്കുമെന്നും യൂനുസ് ആരോപിച്ചു. “അവർ സംസാരിക്കുന്ന ഓരോ വാക്കും പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
“വിദേശഭൂമിയിൽ നിന്ന് സംസാരിക്കുന്നതിലൂടെ രാജ്യത്തിനും അയൽരാജ്യത്തിനും പൂർണ്ണ സൗഹാർദ്ദം നഷ്‌ടമാകുന്നതിനു സാധ്യതയുണ്ട്. ഞങ്ങളുടെ നിലപാട് ഇന്ത്യയെ ധരിപ്പിച്ചതായി ഞങ്ങൾ ഉറപ്പാക്കുന്നു,” യൂനുസ് വ്യക്തമാക്കി.