ചരക്ക് സേവന നികുതി വകുപ്പിൽ സ്ഥലംമാറ്റവും പ്രമോഷനും ഉടൻ നടപ്പാക്കണം ; ധനമന്ത്രിക്ക് കത്തയച്ച് കേരള എൻ ജി ഒ അസോസിയേഷൻ

കേരള എൻ ജി ഒ അസോസിയേഷൻ

തിരുവനന്തപുരം : ധനമന്ത്രി കെ എൻ ബാലഗോപാലിന് കത്തയച്ച് കേരള എൻ ജി ഒ അസോസിയേഷൻ. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കണമെന്നും പ്രമോഷനുകളിലെ കാലതാമസം ഒഴിവാക്കണമെന്നും ഓഫീസുകളിലെ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് ധനമന്ത്രിക്ക് കേരള എൻ ജി ഒ അസോസിയേഷൻ കത്ത് നൽകിയത്.

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ പുനഃസംഘടനയ്ക്ക് ശേഷം ടാക്സ് കെയർ സർവ്വീസസ്, ഓഡിറ്റ് വിഭാഗം, എൻഫോഴ്‌സ്‌മെന്റ് & ഇന്റലിജൻസ് വിഭാഗം എന്നീ മൂന്ന് വിഭാഗങ്ങളായി വകുപ്പ് മാറിയിരുന്നു. എന്നാൽ ഈ വകുപ്പിലെ ജീവനക്കാരെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ നാളിതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല എന്ന് കേരള എൻ ജി ഒ അസോസിയേഷൻ സമർപ്പിച്ച കത്തിൽ പറയുന്നു. വിവിധ വകുപ്പുകളിൽ ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കിയെങ്കിലും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കിയിട്ടില്ല. കൂടാതെ പൊതുസ്ഥലംമാറ്റം പൂർത്തീകരിക്കേണ്ട തീയതി ഏപ്രിൽ 30 ആയിരിക്കെ ഇതുവരെ സ്ഥലംമാറ്റം പൂർത്തീകരിച്ച് ഉത്തരവ് ഇറക്കിയിട്ടില്ല.

വകുപ്പ് പുനഃസംഘടനയുടെ മറവിൽ ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവുകളും പ്രമോഷനോടുകൂടി ഇറങ്ങിയ ഉത്തരവുകളും സ്ഥലംമാറ്റം മാനദണ്ഡങ്ങൾ പാലിക്കാതെയാണ്. ഭിന്നശേഷിക്കാരും രോഗബാധിതരും ഉൾപ്പെടെയുള്ളവർ അതിവിദൂര ജില്ലകളിൽ പോയി ജോലി ചെയ്തുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അടുത്ത പൊതു സ്ഥലം മാറ്റത്തിന് അപേക്ഷ സമർപ്പിക്കുവാൻ നാലുമാസം മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ വകുപ്പിലെ അധികാരികൾ ഇത് ലാഘവത്തോടെയാണ് നോക്കിക്കാണുന്നത്. അതിനാൽ സർക്കാർ ഉത്തരവ് പ്രകാരം മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓൺലൈൻ സ്ഥലംമാറ്റം വകുപ്പിൽ ഉടൻ നടപ്പാക്കണമെന്നും കത്തിൽ പറയുന്നു.

അതേസമയം, സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടുപോകുമ്പോൾ ഇതര വകുപ്പുകളെ അപേക്ഷിച്ച് സംസ്ഥാന ഖജനാവിലേക്ക് നികുതിയിനത്തിൽ 80 ശതമാനത്തിലേറെ വരുമാനം കണ്ടെത്തുന്ന ഈ വകുപ്പിൽ 200 നു അടുത്ത് പ്രധാനപ്പെട്ട തസ്‌തികകൾ ഒഴിഞ്ഞു കിടക്കുന്നത് വകുപ്പിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും. ജോയിന്റ് കമ്മീഷണർമാരുടെ തസ്തികകളും 38 ഓളം ഡെപ്യൂട്ടറി കമ്മീഷണർമാരുടെ തസ്തികളും 60 ഓളം ഓഫീസർമാരുടെ തസ്തികകളും നൂറിനടുത്ത് എ എസ് റ്റി ഒ തസ്തികകളും ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതുമൂലം താഴെതട്ടിൽ പ്രമോഷൻ നടക്കുന്നില്ല എന്ന് മാത്രമല്ല പിഎസ്സി വഴിയുള്ള നിയമനവും തടസ്സപ്പെടുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments