ബംഗളൂരു: മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചതിന് തൊട്ടുപിന്നാലെ കന്നഡ സിനിമ മേഖലയിലും ലൈംഗിക അതിക്രമ വിവാദം. സാൻഡൽ വൂഡിലും ലൈംഗികാതിക്രമങ്ങൾ അരങ്ങേറിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാൻ ആവശ്യപ്പെട്ട് നടൻ സുദീപുൾപ്പെടെ 153 പേർ ഒപ്പിട്ട നിവേദനം കർണ്ണാടക മുഖ്യമന്ത്രിക്കു സമർപ്പിച്ചു.
നടനും സാമൂഹിക പ്രവർത്തകനുമായ ചേതൻ അഹിംസയുടെ നേതൃത്വത്തിലാണ് ഈ കത്ത് തയ്യാറാക്കിയത്. സാൻഡൽവുഡിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾക്കെതിരെ പോരാടുന്നതിനായി നേരത്തെ ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്സ് ആൻഡ് ഇക്വാലിറ്റി (ഫയർ) രൂപീകരിച്ചിരുന്നു.