
കർണാടകയിലെ ബെലഗാവി ജില്ലയിൽ നടന്ന പത്താം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണ്ണയത്തിനിടെ അസാധാരണ സംഭവങ്ങൾ. പരീക്ഷയിൽ വിജയിക്കുന്നതിനായി ചില വിദ്യാർത്ഥികൾ ഉത്തരക്കടലാസുകളിൽ പണം വെക്കുകയും വിചിത്രമായ അഭ്യർത്ഥനകൾ നടത്തുകയും ചെയ്തു.
മൂല്യനിർണ്ണയം നടത്തിയ അധ്യാപകരെ സ്വാധീനിച്ച് പരീക്ഷയിൽ വിജയം നേടാനായിരുന്നു വിദ്യാർത്ഥികളുടെ ശ്രമം. ഇതിനായി പല വിചിത്രമായ മാർഗ്ഗങ്ങളാണ് അവർ സ്വീകരിച്ചത്. ചില വിദ്യാർത്ഥികൾ ഉത്തരക്കടലാസിനുള്ളിൽ കറൻസി നോട്ടുകൾ വെച്ചാണ് അഭ്യർത്ഥന നടത്തിയത്.
500 രൂപ നോട്ടിനൊപ്പം, ദയവായി എന്നെ ജയിപ്പിക്കണം, എൻ്റെ പ്രണയം നിങ്ങളുടെ കയ്യിലാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ അഭ്യർത്ഥന. മറ്റൊരു വിദ്യാർത്ഥി 500 രൂപ വെച്ചശേഷം, ആ പണം ഉപയോഗിച്ച് ചായ കുടിക്കാൻ നിർദ്ദേശിക്കുകയും ഒപ്പം തന്നെ ജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ചിലർ പണം നേരിട്ട് വാഗ്ദാനം ചെയ്തു. “നിങ്ങൾ എന്നെ ജയിപ്പിച്ചാൽ ഞാൻ പണം തരാം” എന്നായിരുന്നു ഒരു ഉത്തരക്കടലാസിലെ വാക്കുകള്‍. പണത്തിനു പുറമെ, വൈകാരികമായ അഭ്യർത്ഥനകളും ഉത്തരക്കടലാസുകളിൽ ഉണ്ടായിരുന്നു. “എന്നെ ജയിപ്പിച്ചില്ലെങ്കിൽ എൻ്റെ മാതാപിതാക്കൾ എന്നെ കോളേജിൽ അയക്കില്ല” എന്ന് ഒരു വിദ്യാർത്ഥി എഴുതി,
പരീക്ഷയെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠയും സമ്മർദ്ദവുമാണ് ഇത്തരം പ്രവർത്തികളിലേക്ക് അവരെ നയിക്കുന്നതെന്നാണ് കരുതുന്നത്. .
ഈ പ്രവർത്തികൾക്ക് പിന്നിലെ വിദ്യാർത്ഥികളുടെ ഏക ലക്ഷ്യം SSLC പരീക്ഷയിൽ എങ്ങനെയെങ്കിലും വിജയിക്കുക എന്നതായിരുന്നു. ചിലർ തങ്ങളുടെ വ്യക്തിപരമായ ബന്ധങ്ങളോ തുടർപഠന സാധ്യതയോ പരീക്ഷാ വിജയത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് ഉത്തരക്കടലാസിൽ വ്യക്തമാക്കുകയും ചെയ്തു. പരീക്ഷാ വിജയം നേടാൻ ശരിയായ പഠനരീതികൾക്ക് പകരം ഇത്തരം കുറുക്കുവഴികൾ തേടാൻ കുട്ടികളെ പ്രേരിതരാകുന്നു എന്നത് ഗൗരവമായി കാണേണ്ട വിഷയമാണ്.