വിനായക ചതുർത്ഥി, ഓണം തിരക്ക് കണക്കിലെടുത്ത് ചെന്നൈയിൽ നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. കൊച്ചുവേളി- ചെന്നൈ- താംബരം സ്പെഷ്യൽ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
താംബരത്ത് നിന്ന് വെള്ളിയാഴ്ച രാത്രി 9.30-ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 11. 30-ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിൻ തിങ്കളാഴ്ചകളിൽ ഉച്ചയ്‌ക്ക് 3.35-ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.35-ന് താംബരത്ത് എത്തും. സെപ്റ്റംബർ 6, 13,20 തീയതികളിലാണ് താംബരത്ത് നിന്ന് സർവീസ്. സെപ്റ്റംബർ 7,14,21 തീയതികളിലാണ് കൊച്ചുവേളിയിൽ നിന്ന് ട്രെയിൻ പുറപ്പെടുക.
14 തേഡ് എസി കോച്ചുകളുള്ള സ്‌പെഷൽ ട്രെയിനിൽ 600-ലധികം സീറ്റുകൾ ബുക്കിംഗിന് ലഭ്യമാണ്. തിരുവോണം കഴിഞ്ഞുള്ള തിങ്കാളാഴ്ച സ്വാഭാവികമായും തിരക്ക് അനുഭവപ്പെടും. മറ്റ് ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് ഈ ട്രെയിൻ ഉപയോഗിക്കാവുന്നതാണ്. കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെൻമല എന്നിവയാണു കേരളത്തിലെ സ്റ്റോപ്പുകൾ. ചെങ്കോട്ട, മധുര, തിരുച്ചിറുപ്പള്ളി, വില്ലുപുരം വഴിയാണു സർവീസ്.
ഓണത്തോടനുബന്ധിച്ച് മംഗളൂരു-കൊല്ലം സ്പെഷ്യൽ ട്രെയിനുകളും അനുവദിച്ചിട്ടുണ്ട്. മംഗളൂരുവിൽ നിന്ന് സെപ്റ്റംബർ 9, 16, 23 തീയതികളിൽ രാത്രി 11-ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 10.20-ന് കൊല്ലത്തെത്തും. 14 സ്ലീപ്പർ കോച്ചും മൂന്ന് ജനറൽ കോച്ചുമുണ്ടാകും. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെണ്ടന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
എറണാകുളത്ത് നിന്ന് യെലഹങ്കയിലേക്കും സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്. ഉച്ചയ്‌ക്ക് 12.40-ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11 മണിയോടെ യെലഹൻങ്കയിലെത്തും. പിറ്റേന്ന് പുലർച്ചെ അഞ്ച് മണിക്കാണ് മടക്കയാത്ര. ഉച്ചയ്‌ക്ക് 2.20-ന് എറണാകുളത്തെത്തും. തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, വൈറ്റ്ഫീൽഡ്, കൃഷ്ണരാജപുരം, യെലഹങ്ക ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ്.