കേരളത്തിലെ വാർത്താ ചാനല്‍ റേറ്റിങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്. ബാർക് റേറ്റിങ്ങിൽ തുടര്‍ച്ചയായി നാല് ആഴ്ചകളില്‍ 24 ന്യൂസിന് പിന്നിലായിരുന്നു ഏഷ്യാനെറ്റ്. ഓഗസ്റ്റ് 24 മുതൽ 30 വരെയുള്ള ആഴ്ചയിലെ പുതിയ റേറ്റിങ്ങിലാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം തിരിച്ച പിടിച്ചത്.
മലയാളത്തിലെ ആദ്യ സ്വകാര്യ വാര്‍ത്താ ചാനലാണ് ഏഷ്യാനെറ്റ്. വാർത്താ വിപണി രംഗത്ത് മലയാളക്കരയിലെ അപ്രമാദിത്യം എന്ന് പറയാവുന്ന തരത്തിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരുന്ന ഏഷ്യാനെറ്റ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി റേറ്റിങ്ങിൽ പിന്നിലായിരുന്നു.
ഓഗസ്റ്റ് 24 മുതൽ 30 വരെയുന്ന 35 ആം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങില്‍ 109 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചത്. 101 പോയൻറ് നേടിയ 24 ന്യൂസാണ് രണ്ടാംസ്ഥാനത്തുളളത്. 93 പോയിന്റുമായി റിപ്പോര്‍ട്ടര്‍ തന്നെയാണ് മൂന്നാം സ്ഥാനത്ത് തുടരുന്നത്. മനോരമ, മാതൃഭൂമി എന്നീ ചാനലുകളാണ് തുടര്‍ന്നുളള സ്ഥാനങ്ങളില്‍. പട്ടികയില്‍ അവസാന സ്ഥാനത്ത് മീഡിയാ വണ്‍ ചാനലാണ്.
തുടർച്ചയായ നാല് ആഴ്ചകളായി 24 ന്യൂസായിരുന്നു ഒന്നാം സ്ഥാനത്ത്. ഒരു ഘട്ടത്തില്‍ റിപ്പോര്‍ട്ടറിന് പിന്നില്‍ മൂന്നാം സ്ഥാനത്തേക്കും ഏഷ്യാനെറ്റ് വീണിരുന്നു. അവിടെ നിന്നാണ് ഏഷ്യാനെറ്റ് കുതിച്ച് കയറിയിരിക്കുന്നത്.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർ ആരോപണങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞിട്ടും കഴിഞ്ഞ ആഴ്ചയിൽ വാര്‍ത്താ ചാനലുകളുടെ പൊതുവെയുള്ള റേറ്റിങില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി ഇതുതന്നെയാണ് അവസ്ഥ. വാർത്താ ചാനലുകളുടെ കാഴ്ചക്കാർ കുറയുന്ന പ്രവണത കൂടിയാണ് കുറയുന്ന റേറ്റിങ്ങുകൾ സൂചിപ്പിക്കുന്നത്.