സെബി അധ്യക്ഷയ്ക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര. സെബി അംഗമായിരിക്കെ മാധബി പുരി ബുച്ച് ഐസിഐസിഐ ബാങ്കില്‍ നിന്നും ശമ്പളം പറ്റിയെന്നാണ് ആരോപണം. 2017 – 2024 കാലയളവിൽ മാധബി പുരി ബുച്ച് ഐസിഐസിഐ ബാങ്കിൽ നിന്ന് പണം കൈപ്പറ്റുകയും ബാങ്കിന് എതിരായ അന്വേഷങ്ങളിൽ കണ്ണടച്ചു എന്നുമാണ് കോൺഗ്രസ് ഉയർത്തുന്ന ആരോപണം. ഈ സമയത്ത് മാധബി സെബിയിൽ മുഴുവൻ സമയ അംഗം ആയിരുന്നു.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിന് പിന്നാലെയാണ് കോണ്‍ഗ്രസും സെബി അധ്യക്ഷയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സെബി അധ്യക്ഷയായിരിക്കെ സ്വകാര്യ ബാങ്കായ ഐസിഐസിഐയില്‍ നിന്ന് ശമ്പളം കൈപ്പറ്റിയവര്‍ക്ക് എങ്ങനെ നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു.
സെബി അധ്യക്ഷ 16.80 കോടി രൂപയാണ് ബാങ്കിൽ നിന്ന് കൈപ്പറ്റിയതെന്നും പവന്‍ ഖേര വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഐസിഐസിഐ പ്രുഡന്‍ഷ്യലില്‍ നിന്ന് 2021-22 കാലത്ത് 2.17 ലക്ഷം രൂപയും എംപ്ലോയി സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാനിനലൂടെ 2.66 കോടി രൂപയും സെബി അധ്യക്ഷയ്ക്ക് ലഭിച്ചു. 2017 മുതൽ 2024 വരെ ഐസിഐസിഐ ബാങ്ക്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, എംപ്ലോയി സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍, ടിഡിഎസ് എന്നിവയടക്കം 16.80 കോടി രൂപ കൈപ്പറ്റി എന്നും ആരോപിക്കുന്നു. എന്നാൽ ഈ ആരോപണം ഐസിഐസിഐ ബാങ്ക് നിക്ഷേധിച്ചു.
സെബി അധ്യക്ഷ വഴിവിട്ട മാർഗത്തിൽ അദാനി കമ്പനികളില്‍ നിക്ഷേപം നടത്തിയെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു. ഓഫ്ഷോര്‍ ഫണ്ടുകളില്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവല്‍ ബുച്ചിനും നിക്ഷേപമുണ്ടെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. ഒപ്പം ഇന്ത്യൻ കൺസൾട്ടിംഗ് കമ്പനിയായ അഗോറ അഡൈ്വസറിയിലും മാധവി ബുച്ചിന് നിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗ് റിപ്പോർട്ട് ചെയ്തിരുന്നു.