കൊച്ചി: പീഡന പരാതിയിൽ സിനിമാനടൻ സിദ്ദിഖ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. യുവ നടിയുടെ ബലാൽസംഗ പരാതിയിന്മേലാണ് ജാമ്യാപേക്ഷ നൽകിയത്. നടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്നാണ് ഹർജിയിൽ സിദ്ദിഖ് ഉന്നയിക്കുന്ന വാദം. ഹൈക്കോടതിയിലാണ് സിദ്ദിഖ് മുൻകൂർ ജാമ്യത്തിനുള്ള ഹർജി സമർപ്പിച്ചത്.
പരാതി തന്നെ അപമാനിക്കാൻ ലക്ഷ്യം വെച്ചുള്ളതാണ് എന്ന് സിദ്ദിഖ് മുൻകൂർ ജാമ്യപേക്ഷയിൽ വാദിക്കുന്നു. അഞ്ച് വർഷം മുൻപ് സോഷ്യൽ മീഡിയയിൽ ഉന്നയിച്ച ആരോപണമാണ് ഇപ്പോൾ ആവർത്തിക്കുന്നതെന്നും അന്ന് ബലാത്സംഗ പരാതി ഉന്നയിച്ചിരുന്നില്ല എന്നും വാദമുയർത്തുന്നു. മുൻകൂർ ജാമ്യഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നും സിദ്ദിഖ് ഹർജിയിൽ ആവശ്യപ്പെടുന്നു.
യുവനടി നൽകിയ പീഡന പരാതിയിൽ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ എത്തി തെളിവ് ശേഖരിച്ചിരുന്നു. പരാതിക്ക് ആസ്പദമായ സംഭവം നടന്ന 2016 ജനുവരി 28ന് 101 D മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒപ്പം മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.