ക്ഷേമ പെൻഷൻ കൊടുക്കാൻ പണമില്ല. പെൻഷൻ കമ്പനിക്ക് 1000 കോടി വായ്പ തരണമെന്ന് പ്രാഥമിക കൃഷി വായ്പ സഹകരണ സംഘങ്ങളുടെ കൺസോർഷ്യത്തിനോട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. തുടർന്ന് ധന അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക് കൺസോർഷ്യവുമായി ബന്ധപ്പെട്ട് വായ്പ എടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു.
1 വർഷത്തേക്കാണ് 1000 കോടി വായ്പ എടുക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കാലാവധിക്കുള്ളിൽ വായ്പ തിരിച്ചടക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ 1 വർഷ കാലാവധി കഴിയുമ്പോൾ വായ്പ പുതുക്കേണ്ടി വരും. വായ്പക്ക് 9.1 ശതമാനം പലിശ നൽകും. 5 മാസത്തെ ക്ഷേമ പെൻഷനാണ് നിലവിൽ കുടിശിക .
ലോക സഭ തെരഞ്ഞെടുപ്പിൽ ദയനിയമായി തോറ്റതോടെ ക്ഷേമ പെൻഷൻ കൃത്യമായി കൊടുക്കും എന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും കുടിശിക ഇതുവരെ കൊടുക്കാൻ കഴിഞ്ഞില്ല. 900 കോടി രൂപയാണ് ഒരു മാസത്തെ ക്ഷേമ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും നൽകാൻ വേണ്ടത്.
ക്ഷേമ പെൻഷൻ നൽകാൻ ഒരു ലിറ്റർ പെട്രോളിൽ നിന്നും ഡീസലിൽ നിന്നും 2 രൂപ വീതം കെ.എൻ ബാലഗോപാൽ ഈടാക്കുന്നുണ്ട്. അത് കൂടാതെ പെൻഷൻ നൽകാൻ മദ്യത്തിൽ നിന്ന് സെസും ഏർപ്പെടുത്തി. കോടികൾ ഖജനാവിൽ എത്തിയെങ്കിലും പെൻഷൻ കൃത്യമായി നൽകിയതും ഇല്ല.
1600 രൂപയാണ് പ്രതിമാസ പെൻഷൻ.ഇത് 2500 രൂപയാക്കുമെന്നായിരുന്നു ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വാഗ്ദാനം മറന്നു. 100 രൂപ പോലും പെൻഷനിൽ വർദ്ധിപ്പിച്ചില്ല. 5 മാസത്തെ പെൻഷനും കുടിശിക ആക്കി.