മുകേഷിന്റെ പേരില്‍ നാണംകെട്ട് സിപിഎം

Pinarayi Vijayan and M Mukesh
മുഖ്യമന്ത്രി പിണറായി വിജയനും കൊല്ലം എംഎല്‍എ എം മുകേഷും തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ (ഫയല്‍ ചിത്രം)

തിരുവനന്തപുരം: നടനും സിപിഎം എംഎൽഎയുമായ മുകേഷിനെതിരെ ഒന്നിന് പിറകേ ഒന്നായി ലൈംഗിക പീഡനാരോപണങ്ങൾ ഉയരുകയും ജാമ്യമില്ലാ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ന്യായീകരിക്കാനാകാതെ സംഘടനാ സംവിധാനങ്ങൾ.

പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മുകേഷിന് പിടിച്ചുനിൽക്കാനായില്ലെങ്കിൽ അറസ്റ്റുണ്ടാകാനാണ് സാധ്യത. സഹപ്രവർത്തനും താരസംഘടനയുടെ മുൻ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ ചുമത്തിയ വകുപ്പുകൾ തന്നെ മുകേഷിനെതിരെയും ഉണ്ടായേക്കും.

മുകേഷിനെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളിൽ ഇടത് സൈബർ പോരാളികൾ രംഗത്തെത്തരുതെന്ന കർശന നിർദേശം നൽകിക്കഴിഞ്ഞിട്ടുണ്ട്. പരസ്യമായി തള്ളിപ്പറയില്ലെങ്കിലും ഒഴിഞ്ഞുമാറിയുള്ള പ്രതികരണങ്ങൾ നൽകുമെങ്കിലും രഹസ്യമായി മുകേഷിനെതിരെ നിയമ നടപടികൾ തന്നെ മുന്നോട്ടുപോകട്ടേയെന്ന നിലപാടിലാണ് ഒരുവിഭാഗം ഉന്നത നേതാക്കൾ. കേസിന്റെ പശ്ചാത്തലത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടി വരുമോ എന്നുള്ളതാണ് രാഷ്ട്രീയ എതിരാളികൾ ഉറ്റുനോക്കുന്നത്.

നിലവിൽ രാജിവെക്കാൻ മുകേഷിനോട് പാർട്ടി ആവശ്യപ്പെടില്ല. പകരം രാജി ആവശ്യത്തെ കോൺഗ്രസ് എംഎൽഎമാരായ എൽദോസ് കുന്നപ്പള്ളിക്കും എം. വിൻസന്റിനുമെതിരെ ഉയർന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിപിഎം പ്രതിരോധിക്കുന്നത്. ആരോപണങ്ങളും കേസും വന്നപ്പോളും ഇരുവരും രാജിവെച്ചിരുന്നില്ലെന്നാണ് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ചൂണ്ടിക്കാണിച്ചത്. പക്ഷെ മുകേഷിനെ പോലീസ് അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടാകുന്നതിന് മുന്നെ ഒരു തീരുമാനം പാർട്ടി കൈക്കൊള്ളും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കൊല്ലം ജില്ലയിലെ പാർട്ടി നേതാക്കളുമായി മുകേഷ് അടുത്ത ബന്ധം പുലർത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം മുകേഷാണെന്ന് പാർട്ടി നേതാക്കളും തിരിച്ചാണ് സംഭവിച്ചതെന്ന് സ്ഥാനാർത്ഥിയും പരസ്പരം പഴിചാരിയതോടെയാണ് അകൽച്ച തുടങ്ങിയത്.

ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര നയരൂപീകരണ സമിതി അംഗത്വത്തിൽ നിന്ന് മാറി നിൽക്കണമെന്ന് മുകേഷിനോട് പാർട്ടി നിർദ്ദേശിച്ചിരുന്നു. വിഷയം പാർട്ടിയുടെ കൈവിട്ട് പോകുന്ന നിലയിലേക്കാണ് എത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ ശിക്ഷ ലഭിച്ചേക്കാവുന്ന ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ മുൻ ഭാര്യ സരിതയുടെ പഴയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ കൂടുതൽ പ്രചരിക്കുന്നുണ്ട്.

മുകേഷിനെ സംരക്ഷിച്ചാൽ അടുത്ത തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടാകുമെന്നാണ് കൊല്ലത്തെ പാർട്ടി നേതൃത്വം കരുതുന്നത്. അതേസമയം മുകേഷ് രാജിവെക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ സിപിഎം ഉടൻ തീരുമാനം എടുത്തില്ലെങ്കിൽ സമരം കടുപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ ആലോചിക്കുന്നുണ്ട്.

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments