തിരുവനന്തപുരം: സിനിമാ നടനും അമ്മ സംഘടനയുടെ മുൻ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖ് പീഡിപ്പിച്ചെന്ന യുവനടിയുടെ മൊഴിയില്‍ ഗുരുതര പരാമര്‍ശങ്ങള്‍. ക്രൂരമായ ബലാത്സംഗം നടന്നുവെന്ന് നടിയുടെ മൊഴിയില്‍ പറയുന്നു.
സംഭവം നടന്നെന്ന് പറയുന്ന സ്ഥലമായ തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിനോട് വിവരങ്ങള്‍ ഹാജരാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. നടിയുടെ രഹസ്യമൊഴി നാളെ തിരുവനന്തപുരം കോടതിയിലെ വനിതാ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തും. മൊഴിയെടുപ്പിന് ശേഷം നടിയുടെ വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കി.
മാധ്യമങ്ങള്‍ക്ക് മുമ്പ് നടി പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ഗുരുതരമായ കാര്യങ്ങളാണ് മൊഴിയിലുള്ളതെന്നാണ് വിവരം. യുവനടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ പൊലീസ് ബലാത്സംഗം, ഭീഷണി എന്നീ കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നത്.
തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ്. 2016 ജനുവരിയില്‍ മസ്‌കോട്ട് ഹോട്ടലില്‍ വെച്ച് നടിയെ ബലാത്സംഗം ചെയ്തു എന്നാണ് എഫ്ഐആര്‍.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നാണ് യുവനടി വെളിപ്പെടുത്തിയിരുന്നത്. യുവനടിയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സിദ്ദിഖിന്റെ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.