സംസ്ഥാന GST വകുപ്പ് നിശ്ചലാവസ്ഥയിൽ. സംസ്ഥാന വരുമാനത്തിൻ്റെ 80 % ഓളം പ്രതിനിധാനം ചെയ്യുന്ന വകുപ്പിൽ 200 ൽ പരം ഉയർന്ന തസ്തികകൾ ഒഴിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് 6 മാസത്തിൽ അധികമായി.
രണ്ട് ജോയിൻ്റ് കമ്മീഷണർമാർ കഴിഞ്ഞ മെയ് 31 ന് വിരമിച്ചിരുന്നു ഇത് കൂടാതെ 40 ഓളം ഡെപ്യൂട്ടി കമ്മീഷണർമാരുടെ തസ്തികയും ഒഴിഞ്ഞ് കിടക്കുന്നു. 60 ഓളം ഓഫീസർ തസ്തികയും 100 ഓളം ഇൻസ്പെക്ടർ തസ്തികയും ഒഴിഞ്ഞ് കിടക്കുന്നു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിട്ടും ഇതുവരെ GST വരുമാനത്തിൽ 2% ൽ അധികം വർദ്ധനവ് നേടാൻ സാധിക്കാതിരിന്നിട്ടും ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളിൽ പ്രമോഷൻ വഴി അർഹരായവരെ നിയമിച്ച് നികുതി പിരിവ് ഊർജ്ജിതമാക്കാൻ വകുപ്പ് മന്ത്രി തയ്യാറാവാത്തത് സംശയാസ്പദമാണ്.
വകുപ്പിലെ സ്ഥലംമാറ്റങ്ങൾ 2017 ലെ സർക്കാർ ഉത്തരവിന് വിധേയമായി സ്പാർക്ക് അധിഷ്ടിത ഓൺലൈൻ സൗകര്യത്തിലൂടെ മാത്രമേ നടത്താവു എന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല വിധി ഉള്ളതിനാൽ വകുപ്പിൽ തോന്നുംപടിയുള്ള സ്ഥലംമാറ്റങ്ങൾ നടക്കില്ല എന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതു കാരണം ഇപ്പോൾ പ്രമോഷൻ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നില്ല.
ഒഴിവുള്ള തസ്തികളിൽ പ്രമോഷനിലൂടെ ആളുകളെ നിയമിക്കുന്നതിന് തടസ്സമില്ല എങ്കിലും ഒഴിവ് നികത്താൻ സർക്കാൻ തയ്യാറാകുന്നില്ല. വകുപ്പിലെ തോന്നുംപടി സ്ഥലമാറ്റത്തിൻ്റെ പേരിൽ നികുതി സെക്രട്ടറിയും കമ്മീഷണറും പ്രതിയായ കേസ് ലോകായുക്തയിൽ നിലവിലുണ്ട്. ഇത് കൂടാതെ പട്ടികജാതി കമ്മീഷൻ്റേയും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റേയും കോടതിയലക്ഷ്യ നടപടികളിൽ നിന്നും നികുതി വകുപ്പ് കമ്മീഷണർ മാപ്പ് പറഞ്ഞ് തടിയൂരിയതാണ്.
വകുപ്പിലെ സ്ഥലം മാറ്റങ്ങളിൽ ഇടത് സംഘടനകളുടെ സമ്മർദ്ദത്തിന് പുറമേ മന്ത്രിയുടെ ഓഫീസിലെ ഒരു പ്രമുഖനും നികുതി വകുപ്പ് സ്പെഷ്യൽ കമ്മീഷണറും സർവ്വീസിൽ നിന്ന് വിരമിച്ച ചില ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു ഉപജാപക സംഘവും ചേർന്നാണ് നിയന്ത്രിക്കുന്നത്. തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്ത ജീവനക്കാരെ മാനദണ്ഡം പാലിക്കാതെ തലങ്ങും വിലങ്ങും സ്ഥലംമാറ്റും വനിതകൾക്കും പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് പോലും രക്ഷയില്ല.
സമയബന്ധിതമായി പ്രമോഷൻ നടത്തുകയും അടിയന്തിരമായി ഓൺ ലൈൻ ട്രാൻസ്ഫർ സംവിധാനം ഏർപ്പെടുത്തുകയും വേണമെന്നാണ് ജീവനക്കാരിൽ ഭൂരിഭാഗവും ആവശ്യപ്പെടുന്നത്.