കൊച്ചി: മലയാള സനിമാ താരങ്ങളുടെ സംഘടനയായ AMMA എന്ന അമ്മയുടെ ഭരണസിമിതിയൊന്നാകെ പിരിച്ചുവിട്ട് പ്രസിഡന്റ് മോഹൻലാല്‍ രാജിവെച്ചു. നാഥനില്ലാത്ത അവസ്ഥയിലായിരിക്കുകയാണ് മലയാള സിനിമയിലെ ഏറ്റവും വലിയ സംഘടന. മോഹൻലാലിന്റെ രാജി ഞെട്ടലുളവാക്കുന്നതെങ്കിലും അമ്മ അംഗങ്ങളില്‍ പലരും തീരുമാനത്തെ അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ഇങ്ങനെ മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാണന്നും വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് കാര്യങ്ങള്‍ പറയുമെന്ന് ചില അംഗങ്ങള്‍ അറിയിച്ചതോടെയാണ് ഇന്ന് ഓണ്‍ലൈനായി യോഗം ചേര്‍ന്നത്. ജഗദീഷ് ഉള്‍പ്പടെയുള്ള നടന്‍മാര്‍ കടുത്ത നിലപാട് സ്വീകരിച്ചു. ഇതിനിടെ മുതിര്‍ന്ന താരങ്ങളുമായി മോഹന്‍ലാല്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. യോഗത്തിന് മുന്‍പായി തന്നെ മോഹന്‍ലാല്‍ ഒരുനിര്‍ണായക തീരുമാനം ഉടന്‍ തന്നെ ഉണ്ടാകമെന്നും പറഞ്ഞു.
യോഗത്തില്‍ വളരെ വൈകാരികമായിട്ടായിരുന്നു മോഹന്‍ലാലിന്റെ രാജിപ്രഖ്യാപനം. ഒരുകാലത്തും ഉണ്ടാകാത്ത രീതിയില്‍ വലിയ പ്രതിസന്ധിയിലുടെയാണ് സംഘടന കടന്നുപോകുന്നത്. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയാണെന്ന് മോഹന്‍ ലാല്‍ അറിയിച്ചു.
ലാലിന്റെ തീരുമാനം കേട്ട് ഒരുമിച്ച് നേരിടാമെന്ന് എതിര്‍പ്പ് ഉന്നയിച്ച അംഗങ്ങള്‍ പോലും പറഞ്ഞെങ്കിലും ഇത് ഉറച്ച തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. രാജിയ്ക്ക് മുന്‍പായി താന്‍ മമ്മൂട്ടിയെ വിളിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അതിന് പിന്നാലെ എക്‌സിക്യൂട്ടീവ് അംഗങ്ങളും സ്ഥാനം ഒഴിയാന്‍ തീരുമാനിക്കുകയായിരുന്നു.
പകരം ആരുവരുമെന്ന ചർച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടില്ലെങ്കിലും പൃഥ്വിരാജിനും ജഗദീഷിനുമാണ് അമ്മ സംഘടനാംഗങ്ങളില്‍ ഭൂരിഭാഗത്തിന്റെയും പിന്തുണ. വനിതാ പ്രവർത്തകരുടെ പ്രശ്നങ്ങളെ അഭീമുഖീകരിക്കുന്നതിന് അമ്മ സംഘടനയ്ക്ക് പിഴവ് സംഭവിച്ചുവെന്ന് സൂപ്പർതാരം പൃഥ്വിരാജും മുതിർന്ന നടൻ ജഗദീഷും എടുത്ത നിലപാടാണ് ഭരണസമിതിയുടെ രാജിക്ക് വഴിവെച്ചത്.
സിദ്ദിഖ് ഒഴിഞ്ഞ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിത വരണമെന്ന ആവശ്യം ജഗദീഷ് ഉള്‍പ്പെടെയുള്ളവർക്കുണ്ടെന്നാണ് അറിയുന്നത്. ജഗദീഷിന്റെ നിലപാടിനോട് ചേർന്ന് നില്‍ക്കുന്ന നിലപാട് സംഘടനയിലെ വനിതകളും യുവതാരങ്ങളും എടുത്തതോടെയാണ് മോഹൻലാല്‍ രാജിവെക്കാൻ സ്വയം സന്നദ്ധനായത്. ആകെ തന്നെ പുതിയ നേതൃത്വം വരട്ടേയെന്ന നിലപാടായിരുന്നു മോഹൻലാലിന്.
കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ തന്നെ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്ന മോഹൻലാല്‍, പകരം പൃഥ്വിരാജോ കുഞ്ചാക്കോ ബോബനോ വരട്ടേയെന്ന നിലപാടായിരുന്നു. പൃഥ്വിയും കുഞ്ചാക്കോയും തിരക്ക് പറഞ്ഞ് ഒഴിഞ്ഞപ്പോഴായിരുന്നു മോഹൻലാല്‍ തന്നെ തുടർന്നത്.
ലൈംഗികാരോപണം ഉയർന്ന് സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോള്‍ പകരം ഉത്തരവാദിത്തം നല്‍കിയത് ജോയിന്റ് സെക്രട്ടറിയായിരുന്ന ബാബുരാജിനായിരുന്നു. തുടർന്ന് ബാബുരാജിനെതിരെയും ലൈംഗികാരോപണം ഉയർന്നു. അതുപോലെ ചുമതല കൈമാറിയത് ശരിയായ രീതിയലായിരുന്നുവെന്ന വിമർശനവും ഉയർന്ന്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രത്യേകിച്ച് നിലപാടുകള്‍ സ്വീകരിക്കാതിരുന്ന അമ്മ സംഘടനയോട് യുവതാരങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടായതാണ് ഇപ്പോള്‍ സമ്പൂർണ്ണ പൊട്ടിത്തെറിയിലേക്ക് എത്തിച്ചിരിക്കുന്നത്. അണച്ചുവെയ്ക്കാൻ നോക്കിയത് ആളിക്കത്തിയ അവസ്ഥയിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ടും മലയാള സിനിമ ലോകവും.