സർക്കാർ ജീവനക്കാർക്ക് ബാധകമായ പങ്കാളിത്ത പെൻഷൻ പദ്ധതി പരിഷ്‌കരിച്ച് കേന്ദ്ര സർക്കാർ തീരുമാനമായി. നിലവിലെ എൻപിഎസ് പദ്ധതിയിൽ ജീവനക്കാർക്ക് അനുകൂലമായ നിരവധി തീരുമാനങ്ങളോടെയാണ് പദ്ധതി പരിഷ്‌കരിച്ചിരിക്കുന്നത്. ഏകീകൃത പെൻഷൻ പദ്ധതി, അഥവാ Unified Pension Scheme എന്നാണ് പുതിയ പദ്ധതി അറിയപ്പെടുക. യു.പി.എസ് എന്ന് ചുരുക്കി പറയാം..
2004 മുതൽ മുൻകാല പ്രാബല്യം നൽകിയിരിക്കുന്ന പുതിയ പെൻഷൻ പദ്ധതി അടുത്ത വർഷം ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും. 25 വർഷമെങ്കിലും സർവീസ് ഉള്ളവർക്ക്, അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ ശരാശരിയുടെ 50% പെൻഷൻ ഉറപ്പ് വരുത്തുന്നതാണ് യു.പി.എസ്.
10 വർഷമെങ്കിലും സർവീസുള്ളവർക്ക് കുറഞ്ഞത് 10,000 രൂപ പെൻഷൻ ഉറപ്പാക്കിയിട്ടുണ്ട്. ജീവനക്കാർക്ക് ലഭിക്കുന്ന പെൻഷൻ തുകയുടെ 60% ആശ്രിതർക്ക് കുടുംബ പെൻഷൻ ലഭിക്കും.
നാണയപ്പെരുപ്പത്തെ മറികടക്കുന്നതിനായി സമയാസമയങ്ങളിലെ ക്ഷാമാശ്വാസവും വിരമിക്കുന്ന ജീവനക്കാർക്ക് ഉറപ്പ് വരുത്തുന്നതാണ് പുതിയ പെൻഷൻ പദ്ധതി.
യു.പി.എസിൽ ഉൾപ്പെട്ട ജീവനക്കാരുടെ പെൻഷൻ അക്കൗണ്ടിലേക്കുള്ള സർക്കാർ വിഹിതം 10% ൽ നിന്നും 14% ആക്കി ഉയർത്തിയിരുന്നത് 18.5% ആക്കി ഉയർത്തും. ജീവനക്കാരന്റെ വിഹിതം 10% തന്നെ ആയിരിക്കും. പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാർക്ക് ഡിസിആർജിയും സർവീസിൽ ഇരുന്ന് മരിക്കുന്നവരുടെ കുടുംബത്തിന് കുടുംബ പെൻഷനും കേന്ദ്ര സർക്കാരും മറ്റെല്ലാ സംസ്ഥാന സർക്കാരുകളും നേരത്തെ തന്നെ അനുവദിച്ചിരുന്നു.
എന്നാൽ, ഭരണം ലഭിച്ചാൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന് പ്രകടന പത്രികയിൽ വ്യക്തമാക്കി അധികാരത്തിലേറിയ ഒന്നാം പിണറായി സർക്കാരും രണ്ടാം പിണറായി സർക്കാരും ഇതുവരെ വാഗ്ദാനം നടപ്പിലാക്കിയിട്ടില്ല.
അതുകൂടാതെ, പങ്കാളിത്ത പദ്ധതിയിൽ ഉൾപ്പെട്ടവരുടെ ആശ്രിതർക്ക് നൽകുന്ന ആശ്വാസ ധനസഹായം 30% ആയി കുറച്ചു. കേരളത്തിലെ ജീവനക്കാർക്ക് ഡിസിആർജി അനുവദിക്കേണ്ടതില്ല എന്നായിരുന്നു സർക്കാർ തീരുമാനം. സർക്കാർ വിഹിതം ഇപ്പോഴും 10% തന്നെയാണ്.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നത് പഠിക്കാൻ നിയമിച്ച സമിതി 2021 ഏപ്രിൽ മാസത്തിൽ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും അന്നുമുതൽ ഈ ഫയൽ ധനമന്ത്രിയുടെ ഇൻബോക്‌സിൽ ഒളിച്ചിരിക്കുകയാണ്.
പുനഃപരിശോധന സമിതിയുടെ റിപ്പോർട്ട് വീണ്ടും പരിശോധിക്കുന്നതിനായി 2023 നവംബറിൽ മറ്റൊരു സമിതിക്ക് സർക്കാർ രൂപം നൽകിയെങ്കിലും രണ്ടാമത് രൂപീകരിക്കപ്പെട്ട സമിതി ഇതുവരെയും ഒരു ഔദ്യോഗിക യോഗം പോലും ചേർന്നിട്ടില്ല.
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഏകീകൃത പെൻഷൻ പദ്ധതി വേണമെങ്കിൽ സംസ്ഥാനങ്ങൾക്കും നടപ്പിലാക്കാമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. പക്ഷേ, കേരളത്തിൽ അങ്ങനെയൊന്ന് സംഭവിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടജീവനക്കാർ