NationalNews

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ; ഗുജറാത്തിൽ എട്ട് സ്‌റ്റേഷനുകളുടെ അടിസ്ഥാന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി

അഹമ്മദാബാദ്: രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അവതരിപ്പിക്കുന്നതിൻ്റെ ഭാഗമായി ഗുജറാത്തിൽ എട്ട് സ്റ്റേഷനുകളുടെ അടിസ്ഥാന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ബുള്ളറ്റ് ട്രെയിൻ നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഇന്ത്യയിലെത്തിയെന്നും, മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവ നിർമ്മിക്കുന്നതെന്നും പ്രൊജക്ട് ഡയറക്ടർ പ്രമോദ് ശർമ്മ പറയുന്നു.

” ബുള്ളറ്റ് ട്രെയിനുകൾക്കായുള്ള സാങ്കേതികവിദ്യ ഇന്ത്യയിലും എത്തിയിരിക്കുകയാണ്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെയാണ് ഇവ യാഥാർത്ഥ്യാമാക്കാനൊരുങ്ങുന്നത്. പദ്ധതിയുടെ ഓരോ ഘട്ടത്തിലേയും പുരോഗതി മാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുന്നു. ഇതുവഴി ജനങ്ങളിൽ നിന്ന് വലിയ രീതിയിലുള്ള പിന്തുണയാണ് ഞങ്ങൾക്ക് ലഭിക്കുന്നതെന്നും” പ്രമോദ് ശർമ്മ പറയുന്നു.

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയിൽ നോയ്‌സ് ബാരിയേഴ്‌സ് ഘടിപ്പിക്കുന്ന പ്രവർത്തനങ്ങളും ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. ട്രെയിൻ അതിൻ്റെ ട്രാക്കിൽ കൂടി പോകുമ്പോൾ ഉണ്ടാകുന്ന ശബ്ദം കുറയ്‌ക്കുന്നതിന് വേണ്ടിയാണ് നോയ്‌സ് ബാരിയേഴ്‌സ് സ്ഥാപിക്കുന്നത്. റെയിൽ നിരപ്പിൽ നിന്ന് രണ്ട് മീറ്റർ ഉയരത്തിലാണ് സ്ഥാപിക്കുന്ന ഒരു മീറ്ററോളം വീതിയുള്ള കോൺക്രീറ്റ് പാനലുകളാണ് ഇവ. ഓരോ നോയ്‌സ് ബാരിയറിനും ഏകദേശം 830 മുതൽ 840 കിലോ വരെ ഭാരം വരും. ജാപ്പനീസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ട്രാക്കിൻ്റെ നിർമ്മാണം

ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി 1389.5 ഹെക്ടർ ഭൂമി ഏറ്റെടുത്തതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു. പദ്ധതിയുടെ 21 കിലോമീറ്റർ ദൂരത്തോളം കടലിനടിയിലൂടെയാണ് കടന്നു പോകുന്നത്. ഇതിൻ്റെ ടണലിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ ആരംഭിച്ചിട്ടുണ്ട്. ബുള്ളറ്റ് ട്രെയിൻ കടന്നുപോകുന്നതിനായി ഗുജറാത്തിൽ നർമ്മദാ നദിക്ക് കുറുകെ 1.4 കിലോമീറ്റർ നീളം വരുന്ന പാലത്തിൻ്റെ നിർമ്മാണവും അതിവേഗം പുരോഗമിക്കുകയാണ്. നിർമ്മാണം പൂർത്തിയായാൽ ഗുജറാത്തിൽ ഒരു നദിക്ക് കുറുകെ വരുന്ന ഏറ്റവും നീളമേറിയ പാലമാകും ഇത്.

Leave a Reply

Your email address will not be published. Required fields are marked *