സൂപ്പർ സ്റ്റാറുകളുടെ പീഡനം അന്വേഷിക്കുന്നവരും അട്ടിമറി വിദഗ്ധർ

G Poonguzhali IPS and Merin Joseph IPS

പൂങ്കുഴലിയും മെറിനും നൽകിയ അന്വേഷണ റിപ്പോർട്ടുകൾ സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചത്

സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങൾ അന്വേഷിക്കാൻ ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ ഉയർന്ന വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരിക്കുകയാണ് സർക്കാർ. ഉയർന്ന നാല് വനിതാ ഉദ്യോഗസ്ഥർ അടങ്ങുന്ന ഏഴംഗ സംഘമാണ് അന്വേഷണത്തിനുണ്ടാവുക. എസ്. അജീത ബീഗം, മെറിൻ ജോസഫ്, ജി. പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്‌റെ തുടങ്ങിയവരാണ് സംഘത്തിലെ വനിതാ അംഗങ്ങൾ. അജിത്ത്.വി, എസ്. മധുസൂദനൻ തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ. സംഘത്തിന്റെ മേൽനോട്ട ചുമതല ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ്.

എന്നാൽ, നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുള്ള ഉദ്യോഗസ്ഥരാണ് ഈ അന്വേഷണ സംഘത്തിലുള്ളത്. സിപിഎമ്മുകാർ പ്രതികളായ വടക്കാഞ്ചേരി, വാളയാർ പീഡനക്കേസുകൾ അന്വേഷിച്ച് പ്രതികളെ രക്ഷപ്പെട്ടുത്തിയ ഉദ്യോഗസ്ഥയെന്ന് ആരോപണം നേരിട്ട ആളാണ് ജി. പൂങ്കുഴലി. നിയമസഭയിൽ 2019 ഒക്ടോബർ 28 ന് അടിയന്തര പ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പൂങ്കുഴലിയുടെ നേതൃത്വത്തിൽ കേസന്വേഷണം അട്ടിമറിച്ചതിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരുന്നു.

സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൽ ഇവരെ ഉൾപ്പെടുത്തിയതിലെ ഉദ്ദേശമാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്.

വടക്കാഞ്ചേരി, വാളയാർ പീഡന കേസുകൾ പോലെ സർക്കാരിന് താൽപര്യമുള്ള താരങ്ങളാണ് സിനിമാ മേഖലയിൽ നിന്നും ഇപ്പോൾ ആരോപണങ്ങൾ നേരിടുന്നവർ. കേസന്വേഷണം അട്ടിമറിക്കുന്നതിൽ പ്രാഗത്ഭ്യം നേടിയ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് അന്വേഷിക്കാൻ ഏൽപ്പിച്ചുവെന്ന സംശയമാണുള്ളത്.

അതുപോലെ, സംഘത്തിലെ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥ മെറിൻ ജോസഫ് 2022 ഓഗസ്റ്റിൽ കൊല്ലം എസ്പിയായിരിക്കെ കിളികൊല്ലൂർ സ്റ്റേഷൻ മർദ്ദന കേസിൽ നടത്തിയ ഇടപെടലുകൾ സംശയാസ്പദമായിരുന്നു. സഹോദരങ്ങളായ രണ്ട് യുവാക്കളെ കിളികൊല്ലൂർ സ്റ്റേഷനുള്ളിൽ വെച്ച് അതിക്രൂരമായി പോലീസ് മർദ്ദിച്ച സംഭവത്തിലാണ് ഈ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അട്ടിമറിയുണ്ടായത്.

അന്ന് ഇരകളായ സഹോദരങ്ങളിൽ ഒരാൾ സൈനികനും, മറ്റൊരാൾ ഡിവൈഎഫ്‌ഐ പ്രവർത്തകനുമായിരുന്നു. പോലീസ് സ്‌റ്റേഷനുള്ളിൽ നടന്ന മർദ്ദനത്തിന്റെ വീഡിയോ കേരളമാകെ പ്രചരിച്ചിട്ടും മർദ്ദിച്ച ഉദ്യോഗസ്ഥർ ആരെന്ന് കണ്ടെത്താനായിട്ടില്ലെന്നായിരുന്നു മെറിൻ ജോസഫിന്റെ അന്വേഷണ റിപ്പോർട്ട്.

‘സൈനികനായ വിഷ്ണുവിനും സഹോദരൻ വിഘ്‌നേഷിനും കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ മർദനമേറ്റെന്നും എന്നാൽ മർദിച്ചത് ആരാണെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നുമാണ് കൊല്ലം ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് മനുഷ്യാവകാശ കമ്മീഷന് 2022 നവംബറിൽ നൽകിയ റിപ്പോർട്ടിലുള്ളത്. സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മിഷനു നൽകിയ റിപ്പോർട്ടിലാണ് ഉദ്യോഗസ്ഥരെ വെള്ളപൂശുന്ന വിവരങ്ങൾ എഴുതിവെച്ചത്.

വിഷ്ണുവിന്റെയും വിഘ്‌നേഷിന്റെയും ശരീരത്തു കാണുന്ന പരുക്കുകൾ മറ്റേതെങ്കിലും സംഭവത്തിൽ ഉണ്ടായതാണെന്നു തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും എന്നാൽ വൈദ്യപരിശോധന സമയത്തു പൊലീസുകാർ മർദിച്ചതായി ഇവർ പറഞ്ഞിട്ടില്ലെന്നും കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പൊലീസുകാർ ഭീഷണിപ്പെടുത്തി പറയിച്ചു എന്നതിനും തെളിവില്ലെന്നായിരുന്നു റിപ്പോർട്ട്.

സ്റ്റേഷനുള്ളിൽ വെച്ച് പോലീസുകാർ മർദ്ദിക്കുന്ന വീഡിയോ ലോകം മുഴുവൻ കണ്ടിട്ടും മർദ്ദിച്ചതാരാണെന്ന് കണ്ടെത്താൻ കഴിയില്ലെന്ന് സർക്കാരിനു വേണ്ടി റിപ്പോർട്ട് കൊടുത്ത ഈ ഉദ്യോഗസ്ഥയെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത് കേസ് അട്ടിമറിക്കാനല്ലാതെ പിന്നെന്തിനാണെന്നായിരുന്നു ചോദ്യം.

കേസന്വേഷണങ്ങളിൽ യാതൊരു വിധ സത്യസന്ധതയും നീതി സംരക്ഷണവും നടപ്പാക്കാത്ത ഉദ്യോഗസ്ഥരെ കുത്തിനിറച്ച് നടത്തുന്ന ഈ പ്രത്യേക അന്വേഷണം വെറും തട്ടിപ്പാണെന്ന വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments