
തിരുവനന്തപുരം: ഒളിമ്പിക്‌സ് മെഡലുകൾ സ്വന്തമാക്കിയ ഇതിഹാസ ഹോക്കി താരം പി.ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്വീകരണം മാറ്റിവെച്ചു.
ആഗസ്റ്റ് 26ന് തിരുവനന്തപുരത്തുവെച്ച് ശ്രീജേഷിന് സ്വീകരണം ഒരുക്കുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് അവസാന നിമിഷം മാറ്റിവെയ്ക്കുകയായിരുന്നു. സ്വീകരണത്തിൽ പങ്കെടുക്കാൻ കുടുംബ സമേതം തിരുവനന്തപുരത്ത് എത്തിയതിന് ശേഷമാണ് പരിപാടി മാറ്റിയ കാര്യം ശ്രീജേഷ് അറിഞ്ഞത്. കായിക മന്ത്രി വി. അബ്ദുറഹ്‌മാനുമായി കൂടിയാലോചിച്ചില്ല എന്ന പരാതി മുഖ്യമന്ത്രിക്ക് മുന്നിലെത്തിയതിന് ശേഷമാണ് സ്വീകരണ പരിപാടി മാറ്റിയതെന്നാണ് അറിയുന്നത്.
കായിക മന്ത്രിയെ അറിയിക്കാതെ വിദ്യാഭ്യാസ മന്ത്രി ശ്രീജേഷിന് സ്വീകരണം ഒരുക്കിയത് ശരിയായില്ലെന്ന തർക്കമാണ് ശ്രീജേഷിനെ അപമാനിക്കുന്നതിൽ വരെയെത്തിയതെന്നാണ് ആരോപണം ഉയരുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടർ ആയതിനാലാണ് ശ്രീജേഷിന് പൊതുവിദ്യാഭ്യാസ വകുപ്പ് തന്നെ സ്വീകരണം ഒരുക്കാൻ മുൻകൈ എടുത്തതെന്നാണ് സംഘാടകരുടെ നിലപാട്. തിരുവനന്തപുരം നഗരത്തിലാകമാനം ഫ്‌ളെക്‌സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ സ്വീകരണ പരിപാടിയുടെ കാര്യം തന്നെ അറിയിച്ചില്ലെന്ന് കായിക വകുപ്പ് മന്ത്രിക്ക് പരാതിയുണ്ടാവുകായിരുന്നു.
ഇതോടെ സ്‌പോർട്‌സ് കൗൺസിലിന്റെ പരിശീലകരും താരങ്ങളും പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് നിർദ്ദേശിച്ച് ഇടങ്കോലിടുകയായിരുന്നു. പിന്നാലെയാണ് സ്വീകരണച്ചടങ്ങ് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. സംസ്ഥാന ഒളിമ്പിക്‌സ് അസോസിയേഷനുമായി സഹകരിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ നടത്തിയത്.