പാലക്കാട് പട്ടാമ്പിയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും ഓങ്ങല്ലൂർ വാടാനാംകുറുശ്ശി സ്വദേശിയുമായ ഷിത(27) യാണ് ചികിത്സയിലിരിക്കെ മരിച്ചത്.
ബുധനാഴ്ച വൈകീട്ടാണ് ഷിതയെ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഇവർ ശുചിമുറിയിൽ കയറി തീകൊളുത്തുകയായിരുന്നുവെന്നാണ് പറയുന്നത്.
പൊള്ളലേറ്റ യുവതിയെ പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.