KeralaNews

നടപടിയില്ലെങ്കില്‍ ഹേമ കമ്മിറ്റി വെറുതെയാകും! സർക്കാരിനെ സമ്മർദ്ദത്തിലാക്കി ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ഹൈക്കോടതി ഇടപെടല്‍. റിപ്പോര്‍ട്ടില്‍ എന്തു നടപടിയെടുക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും പൂര്‍ണ്ണമായ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാനും ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ട് ഗുരുതര കുറ്റങ്ങളില്‍ എന്തു നടപടി എടുക്കാന്‍ സാധിക്കുമെന്ന് അറിയിക്കാനും സര്‍ക്കാരിന് നിര്‍ദേശിച്ചു. നടപടിയെടുത്തില്ലെങ്കില്‍ കമ്മിറ്റി രൂപീകരിച്ചത് വെറുതെയാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

സിനിമാ മേഖലയിലെ ലൈംഗികാതിക്രമം ഉള്‍പ്പെടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ക്രിമിനല്‍ നടപടി ആരംഭിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ പായിച്ചറ നവാസ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വനിതാ കമ്മിഷനെ സ്വമേധയാ കക്ഷി ചേര്‍ത്തു.

ബലാത്സംഗം, ലൈംഗിക താല്‍പര്യങ്ങള്‍ക്കു വഴങ്ങാത്തതിനു വിവേചനം തുടങ്ങിയവ ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങളും കുറ്റങ്ങളും കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മൊഴികള്‍ നല്‍കിയവര്‍ക്കു മുന്നോട്ടുവരാന്‍ പറ്റാത്ത സാഹചര്യമാണ്. കമ്മിറ്റിയോടു പേര് പറയാന്‍ സര്‍ക്കാരിന് ആവശ്യപ്പെടാനാവില്ല. സര്‍ക്കാരിന്റെ ധര്‍മസങ്കടം മനസ്സിലാകും. എന്നാല്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടിയുണ്ടാകണമെന്നു കോടതി നിര്‍ദേശിച്ചു

Leave a Reply

Your email address will not be published. Required fields are marked *