News

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; 11 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ നാളെ (തിങ്കളാഴ്ച) ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് അവധി. ഈ ദിവസങ്ങളിൽ സ്കൂളുകളിൽ സ്പെഷ്യൽ ക്ലാസുകൾ നടത്തരുതെന്നും കർശന നിർദേശമുണ്ട്. അതേസമയം, സംസ്ഥാനത്ത് നാളെ 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അവധി പ്രഖ്യാപിച്ച ജില്ലകള്‍:

കണ്ണൂർ: ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും കനത്ത മഴ തുടരുന്നതിനാലും പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സ്പെഷ്യൽ ക്ലാസുകൾക്കും അവധി ബാധകമാണ്.

വയനാട്: അതിതീവ്ര മഴ കണക്കിലെടുത്ത് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടികൾ, മദ്രസകൾ, സ്പെഷ്യൽ ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ) ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി നൽകി. സർവകലാശാലാ പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല.

കോഴിക്കോട്: റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

തൃശൂർ: കനത്ത മഴയും റെഡ് അലർട്ടും കണക്കിലെടുത്ത് മുൻകരുതൽ നടപടിയുടെ ഭാഗമായി ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവയുൾപ്പെടെ എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.

എറണാകുളം: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്.

ഇടുക്കി: റെഡ് അലർട്ട് നിലനിൽക്കുന്നതിനാൽ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. അവധിക്കാല ക്ലാസുകൾ നടത്താൻ പാടില്ല. മാതാപിതാക്കൾ ജോലിക്ക് പോകുന്ന കുട്ടികൾ അങ്കണവാടികളിൽ ഒറ്റക്കാകുന്ന സാഹചര്യം ഒഴിവാക്കാൻ അധ്യാപകർ ശ്രദ്ധിക്കണമെന്നും ഇതിനാവശ്യമായ നിർദേശങ്ങൾ ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ നൽകണമെന്നും നിർദേശമുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമില്ല.

നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള 11 ജില്ലകൾ:
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ പിന്നീട് നടപടി സ്വീകരിക്കുന്നതാണ്.