FinanceKerala Government News

വീണ വിജയൻ്റെ രക്ഷകൻ ജയതിലക് പുതിയ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി

ക്ലിഫ് ഹൗസിൻ്റെ വിശ്വസ്തനെ ധനകാര്യ വകുപ്പിൻ്റെ താക്കോൽ ഏൽപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡോ.എ. ജയതിലക് ഐഎഎസിനെ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു.

മുഖ്യമന്ത്രി മകള്‍ വീണ വിജയന്റെ എക്‌സാലോജിക്ക് കമ്പനിയെക്കുറിച്ചുള്ള പരാതിയില്‍ വീണയ്ക്ക് അനുകൂലമായ നിലപാടാണ് ജയതിലക് എടുത്തത്. ഇതോടെ പിണറായി കുടുംബത്തിനും ജയതിലക് പ്രിയപ്പെട്ടവനാണ്. പിണറായിയുടെ സൂപ്പര്‍ ചീഫ് സെക്രട്ടറി എന്ന പേരിലാണ് ജയതിലക് അറിയപ്പെടുന്നത്.

കെ.എം. എബ്രഹാമിൻ്റെ അമിത ഇടപെടൽ മൂലം ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡൽഹിയിൽ ഡെപ്യൂട്ടേഷനിൽ പോയ ഒഴിവിലാണ് ജയതിലകിനെ പ്രതിഷ്ഠിക്കുന്നത്. ധനകാര്യത്തിൻ്റെ ബാലപാഠങ്ങൾ പോലും 3 വർഷമായി മനസിലാകാത്ത കെ.എൻ. ബാലഗോപാലിനെ പഠിപ്പിക്കലാകും പ്രധാന ജോലി. അതിനൊപ്പം കെ.എം. എബ്രഹാമിനെ പിണക്കാതെ നിയന്ത്രിക്കുക എന്ന ടാസ്കും ഇദ്ദേഹത്തിനുണ്ട്.

കെ.എം. എബ്രഹാമും ക്ലിഫ് ഹൗസിൻ്റെ വിശ്വസ്തനാണ്. ആരാണ് ഏറ്റവും മികച്ച വിശ്വസ്തൻ എന്ന മൽസരമായിരിക്കും കെ.എം എബ്രഹാമും ജയതിലകും തമ്മിൽ. കാലിയായിക്കിടക്കുന്ന ഖജനാവ് നിറയ്ക്കുകയെന്നാണ് ജയതിലകിൻ്റെ പ്രധാന ജോലി.

എന്നും മുഖ്യമന്ത്രിയുടെ വിശ്വസ്തനും കൈയാളുമാണ് ഈ ഉദ്യോഗസ്ഥൻ. മുട്ടില്‍ മരംമുറി സമയത്ത് പ്രതിക്കൂട്ടിലായ സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ചട്ടങ്ങള്‍ നോക്കാതെ മുന്നിട്ടിറങ്ങിയത് അന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ജയതിലകായിരുന്നു.

വിവരവകാശ ചോദ്യത്തിന് മറുപടിയായി മുട്ടില്‍ മരംമുറി ഫയല്‍ നല്‍കിയ അണ്ടര്‍ സെക്രട്ടറി ശാലിനിയുടെ ഗുഡ്സര്‍വിസ് എന്‍ട്രി എടുത്തു കളഞ്ഞ കുപ്രസിദ്ധിയും ജയതിലകിനുണ്ട്. മുട്ടില്‍ മരം മുറിയോട് കൂടി ജയതിലക് മുഖ്യമന്ത്രിയുടെ വിശ്വസ്തനായി. അഡീഷണല്‍ ചീഫ് സെക്രട്ടറി ആയതോടെ സുപ്രധാനമായ നികുതി, എക്സൈസ് വകുപ്പിന്റെ തലപ്പത്തായിരുന്നു മുഖ്യമന്ത്രി ജയതിലകിനെ ഇരുത്തിയത്. ഇത് കൂടാതെ അല്ലറ ചില്ലറ വകുപ്പുകള്‍ വേറെയും.

സര്‍ക്കാരിന്റെ വിവാദമായ മദ്യനയം ജയതിലകിന്റെ സംഭാവനയായിരുന്നു. തെരഞ്ഞടുപ്പ് ഫണ്ടിലേക്ക് കോടികള്‍ ലഭിക്കുന്ന മദ്യനയത്തോടു കൂടി പാര്‍ട്ടി സെക്രട്ടറി ഗോവിന്ദനും ജയതിലക് പ്രിയങ്കരനായി.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ മാസപ്പടിയില്‍ പ്രതിസന്ധിയിലായ പിണറായി കുടുംബത്തെ വെട്ടിലാക്കി ഐ.ജി.എസ്.ടി തട്ടിപ്പ് പരാതി മാത്യു ധനമന്ത്രി ബാലഗോപാലിന് നല്‍കിയപ്പോള്‍, ഇത് അന്വേഷിക്കാനുള്ള ചുമതല നികുതി വകുപ്പിന്റെ തലപ്പത്തുള്ള ജയതിലകിനായിരുന്നു. നികുതി കമ്മീഷണര്‍ക്ക് പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പതിവ് ചടങ്ങുപോലെ ജയതിലകിന്റെ ഉത്തരവ്. വീണ കര്‍ണാടകയില്‍ നികുതിയടച്ചെന്നും സ്വകാര്യത മാനിച്ച് വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്നും കാട്ടി നികുതി കമ്മീഷണര്‍ റിപ്പോര്‍ട്ട് എഴുതി ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തു.

വീണയെ രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയതോടെ പിണറായിക്ക് മാത്രമല്ല പിണറായി കുടുംബത്തിന്റെയും വിശ്വസ്തനായി ജയതിലക് മാറി. ഇതോടെ സെക്രട്ടറിയേറ്റിലെ മുടി ചൂഢാമന്നനായി മാറിയ ജയതിലകിനെ തന്നെ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കുന്ന ധനവകുപ്പിലെത്തുന്നതോടെ മുഖ്യമന്ത്രിക്ക് പ്രതീക്ഷകളേറെയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x