KeralaNews

പാര്‍ട്ടി ഫണ്ട് മുക്കിയ പികെ ശശിയെ എല്ലാ സ്ഥാനത്തുനിന്നും നീക്കി

സിപിഎം മുന്‍ എംഎല്‍എയും കെ.ടി.ഡി.സി ചെയര്‍മാനുമായ പി.കെ. ശശിക്കെതിരെ പാര്‍ട്ടി നടപടി. ഇദ്ദേഹത്തെ സംഘടനയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കി, മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് ജില്ലയിലെ പ്രമുഖ നേതാവിനെതിരെ ശക്തമായ നടപടി.

മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ടില്‍ തിരിമറി നടത്തിയെന്നാണ് ആരോപണം. പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇതുംസബന്ധിച്ച് അന്വേഷണം നടത്തിയത്. പി.കെ ശശി അധ്യക്ഷനായ യൂണിവേഴ്‌സല്‍ കോളേജ് നിയമനത്തിലും ക്രമക്കേടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് വിവരം. ഇതോടെ പികെ ശശിക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി.

പാലക്കാടിന് പുറമേ, പത്തനംതിട്ടയിലും ആലപ്പുഴയിലും പ്രാദേശിക നേതാക്കള്‍ക്കെതിരെ സിപിഎം ഇന്ന പലതരത്തിലുള്ള നടപടികളെടുത്തു. തിരുവല്ലയില്‍ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയും ലോക്കല്‍ സെക്രട്ടറിക്കെതിരെയുമാണ് പാര്‍ട്ടി നടപടി. ഇരുവരെയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കി.

ദേവസ്വം ബോര്‍ഡ് നിയമനക്കോഴ ആരോപണത്തിലാണ് ഏരിയ കമ്മറ്റി അംഗം പ്രകാശ് ബാബുവിനെതിരെ നടപടിയെടുത്തത്. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കൊച്ചുമോനെയും സ്ഥാനത്തുനിന്ന് നീക്കി. പീഡനക്കേസില്‍ ആരോപണ വിധേയനായ സി.സി സജിമോനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിനെതിരെ സംസ്ഥാന നേതൃത്വത്തെ സമീപിച്ച ആളാണ് കൊച്ചുമോന്‍. ഒരാഴ്ച മുന്‍പാണ് തിരുവല്ലയില്‍ ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്റണിയെ സ്ഥാനത്ത് നിന്ന് നീക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *