തിരുവനന്തപുരം: സിറാജ് ദിന പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ കുറ്റം നിഷേധിച്ച് ഐഎഎസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍.
പോലീസ് ഹാജരാക്കിയ കുറ്റപത്രം കോടതി വായിച്ചുകേള്‍പ്പിച്ചപ്പോഴാണ് ശ്രീറാം കുറ്റം നിഷേധിച്ചത്. ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.പി.അനില്‍കുമാറാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ കുറ്റപത്രത്തിലെ പിഴവ് കോടതി ചൂണ്ടിക്കാണിച്ചെങ്കിലും പിഴവ് തിരുത്താന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല.
പ്രതിക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ, അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിക്കല്‍, തെളിവു നശിപ്പിക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ചുമത്തിയിട്ടുള്ളത്.
മനഃപൂര്‍വമല്ലാത്ത നരഹത്യക്കൊപ്പം അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചു എന്ന കുറ്റം എങ്ങനെ നിലനില്‍ക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. അലക്ഷ്യമായി വാഹനമോടിച്ചു എന്ന കുറ്റം നിലനിര്‍ത്തണമെങ്കില്‍ അശ്രദ്ധമായ പ്രവൃത്തികൊണ്ടുണ്ടായ മനഃപൂര്‍വമല്ലാത്ത നരഹത്യ എന്ന കുറ്റമല്ലേ ചുമത്തേണ്ടതെന്നും കോടതി പ്രോസിക്യൂട്ടറോടു ചോദിച്ചു.
വ്യക്തമായ മറുപടി ലഭിക്കാതിരുന്ന സാഹചര്യത്തില്‍, പ്രോസിക്യൂഷന്‍ ഹാജരാക്കിയ കുറ്റപത്രം കോടതി പ്രതിയെ വായിച്ചുകേള്‍പ്പിച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് 10 വര്‍ഷം കഠിനതടവും പിഴയുമാണ് ശിക്ഷ. എന്നാല്‍, അശ്രദ്ധകൊണ്ടുണ്ടാകുന്ന മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് രണ്ടു വര്‍ഷം കഠിനതടവും പിഴയുമാണ് ശിക്ഷ.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും വനിതാസുഹൃത്തും സഞ്ചരിച്ചിരുന്ന കാറിടിച്ച് ബഷീര്‍ മരിച്ചത്.