
കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ട്രഷറി പൂട്ടും! ട്രഷറി നിയന്ത്രണം കടുപ്പിക്കാൻ കെ.എൻ ബാലഗോപാൽ
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിക്കാൻ കെ.എൻ. ബാലഗോപാൽ. 25 ലക്ഷം രൂപയിൽ നിന്ന് ട്രഷറി നിയന്ത്രണം 5 ലക്ഷമാക്കി കുറയ്ക്കും.
ആഗ്സ്ത് 19 മുതൽ ട്രഷറി നിയന്ത്രണം 5 ലക്ഷമാക്കും എന്നാണ് ലഭിക്കുന്ന സൂചന.സാമ്പത്തിക വർഷാരംഭത്തിൽ തന്നെ ട്രഷറി നിയന്ത്രണം 5 ലക്ഷമാക്കിയിരുന്നു. കഴിഞ്ഞ മാസമാണ് ഇത് 25 ലക്ഷമാക്കി ഉയർത്തിയത്.
ശമ്പളവും ഓണ സീസണുമായി ബന്ധപ്പെട്ട മറ്റ് ചെലവുകളും വരുന്നതു കൊണ്ടാണ് ട്രഷറി നിയന്ത്രണം 5 ലക്ഷമാക്കാൻ ധനവകുപ്പ് തീരുമാനിച്ചത്. 3700 കോടി രൂപ മാത്രമാണ് ഈ വർഷം ഇനി കടമെടുക്കാൻ ഉള്ളത്. അതുകൊണ്ട് തന്നെ ഏത് നിമിഷവും ട്രഷറി പൂട്ടും എന്ന അവസ്ഥയിലാണ്.
ശമ്പളവും പെൻഷനും കൊടുക്കാൻ 5000 കോടി രൂപക്ക് മുകളിൽ വേണം. മറ്റ് ചെലവുകൾക്ക് എല്ലാം കർശന നിയന്ത്രണം ധനവകുപ്പ് ഏർപ്പെടുത്തും. മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത ക്ഷാമബത്ത അടക്കമുള്ള ആനുകൂല്യങ്ങൾ പ്രതിസന്ധി ചൂണ്ടികാട്ടി ഈ വർഷം പ്രഖ്യാപിക്കില്ല.
നവംബർ മാസം പെൻഷൻകാരുടെ പരിഷ്കരണ കുടിശികയുടെ നാലാം ഗഡു കൊടുക്കേണ്ടതാണ്. 600 കോടിയാണ് ഇതിന് വേണ്ടത്. ഇതും നീട്ടി വയ്ക്കും എന്നാണ് ധനവകുപ്പിൽ നിന്നുള്ള സൂചന.
വയനാടിന് കേന്ദ്ര സഹായമായി 2000 കോടി ആവശ്യപ്പെട്ടെങ്കിലും അത്രയും തുക ലഭിക്കുമെന്ന പ്രതീക്ഷ ധനവകുപ്പിനില്ല. സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ച് വഴി 500 കോടി സമാഹരിക്കാം എന്നാണ് ധനവകുപ്പിൻ്റെ കണക്ക് കൂട്ടൽ.