Crime

കണ്ണൂര്‍ ജയിലില്‍ കൊലപാതകം: 86 വയസ്സുള്ള തടവുകാരനെ ഊന്നുവടിവെച്ച് അടിച്ചുകൊന്നു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 75 വയസ്സുകാരന്‍ 86 വയസ്സുള്ള സഹതടവുകാരനെ ഊന്നുവടി ഉപയോഗിച്ച് അടിച്ചുകൊന്നു. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചിരുന്ന കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് ഹൗസില്‍ കരുണാകരനാണ് കൊല്ലപ്പെട്ടത്. പാലക്കാട് കൊട്ടായി സ്വദേശി കുന്നത്ത് വീട്ടില്‍ വേലായുധനെ ജയിലില്‍ എത്തി പോലീസ് അറസ്റ്റ് ചെയ്തു.

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ വേശുക്കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ റിമാന്റില്‍ കഴിയുകയാണ് വേലായുധന്‍. ജയിലിലെ 10-ാം നമ്പര്‍ ബ്ലോക്കിലെ നാലാമത്തെ മുറിയിലെ ഏകാന്തതടവറയിലെ തടവുകാരായിരുന്നു കരുണാകരനും വേലായുധനും.

കഴിഞ്ഞ ഞായറാഴ്ച രാത്രി ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. കരുണാകരന്റെ ഊന്നുവടിയുപയോഗിച്ച് വേലായുധന്‍ കരുണാകരന്റെ മുഖത്തും തലയ്ത്തും അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. നിലത്ത് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന കരുണാകരനെ ജയില്‍ അധികൃതര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തലയ്ക്കും മുഖത്തുമേറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

20 വർഷത്തിനിടെ രണ്ടാമത്തെ ജയില്‍ കൊലപാതകം

20 വര്‍ഷത്തിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. 2004 ഏപ്രില്‍ ആറിന് സെന്‍ട്രല്‍ ജയിലിന്റെ ഏഴാം ബ്ലോക്കില്‍ സിപിഎം പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ (47) കൊല്ലപ്പെട്ടിരുന്നു. സിപിഎം തടവുകാരും ആര്‍എസ്എസ്-ബിജെപി തടവുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് അന്ന് കൊലപാതകം. രവീന്ദ്രന്‍ മര്‍ദനമേറ്റു മരിച്ചു.

ജയിലിന്റെ എട്ടാം ബ്ലോക്കിലെ സ്റ്റോര്‍ റൂമില്‍ പ്രതികള്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങളും വേലിയില്‍ നിന്ന് എടുത്ത ഇരുമ്പ് കമ്പിയും കമ്പിയും ഉപയോഗിച്ചായിരുന്നു ആക്രമണം. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രവീന്ദ്രന്‍ മരിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *