
ജീവനക്കാരുടെ ശമ്പളത്തിൽ കണ്ണുംനട്ട് മുഖ്യമന്ത്രി: 5 ദിവസത്തെ ശമ്പളം പിടിച്ചാൽ ദുരിതാശ്വാസനിധിയിലെത്തുക 565 കോടി! പത്ത് ദിവസം പിടിച്ചാൽ 1130 കോടി
വയനാടിനു വേണ്ടി ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളം പിടിച്ചാൽ ദുരിതാശ്വാസ നിധിയിലെത്തുക 565 കോടി. 10 ദിവസത്തെ ശമ്പളം ആണ് പിടിക്കുന്നതെങ്കിൽ 1130 കോടി ദുരിതാശ്വാസ നിധിയിൽ എത്തും.
പകുതി ശമ്പളമാണ് മുഖ്യമന്ത്രി പ്രതീക്ഷിക്കുന്നത്. അങ്ങനെ എങ്കിൽ 1695 കോടിയായി തുക ഉയരും. ഒരു മാസം സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് ജീവനക്കാർക്കും ശമ്പളം കൊടുക്കാൻ വേണ്ടത് 3400 കോടിയാണ്. പി.എസ്.സി അംഗങ്ങൾ തുടങ്ങി കാക്ക തൊള്ളായിരം രാഷ്ട്രിയ നിയമനങ്ങളുടെ ശമ്പളവും ഈ 3400 കോടിയിൽ പെടും.
വയനാടിന് വേണ്ടി എത്ര കോടി വരുമെന്ന പ്രാഥമിക കണക്കുകൾ പോലും മുഖ്യമന്ത്രി തയ്യാറാക്കിയിട്ടില്ല . ഇതുവരെ വയനാടിന് സർക്കാർ കൊടുത്തത് 10 കോടി രൂപയാണ്. ജീവനക്കാരുടെ സംഘടന നേതാക്കളുമായി ഇന്നാണ് മുഖ്യമന്ത്രി വയനാടിന് വേണ്ടി കടിക്കാഴ്ച്ച നടത്തിയത്.
വയനാടിന് സഹായം അഭ്യർത്ഥിച്ച് ഇന്ന് രാവിലെ ഭരണ പ്രതിപക്ഷ സർവീസ് സംഘടന നേതാക്കളെ മുഖ്യമന്ത്രി വിളിപ്പിച്ചിരുന്നു. ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം ആയാണ് കണ്ടത്. ക്ഷാമബത്ത അടക്കമുള്ള കുടിശികകൾ ലഭിക്കാത്തത് മൂലം ജീവനക്കാർ നേരിടുന്ന വിഷമതകൾ നേതാക്കൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. എല്ലാം ക്ഷമയോടെ കേട്ട മുഖ്യമന്ത്രി എത്ര ദിവസത്തെ ശമ്പളം നൽകാൻ സാധിക്കുമെന്ന് ചോദിച്ചു.
ആലോചിച്ച് തീരുമാനം പറയാമെന്ന് നേതാക്കൾ അറിയിച്ചു. പ്രളയം, കോവിഡ് കാലത്തെ പോലെ നിർബന്ധപൂർവമുള്ള സാലറി ചലഞ്ചിന് ഇത്തവണ സർക്കാർ തുനിയില്ല എന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്ന് വ്യക്തമായത്. പതിവ് പത്രസമ്മേളനത്തിൽ ജീവനക്കാരോട് വയനാടിന് വേണ്ടി പരമാവധി സഹായം നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിക്കും. പതിനഞ്ച് ദിവസത്തെ ശമ്പളമാണ് മുഖ്യമന്ത്രി പ്രതീക്ഷിക്കുന്നത്. അഞ്ച് ദിവസം മുതൽ പത്ത് ദിവസം വരെയുള്ള ശമ്പളം എങ്കിലും ജീവനക്കാരിൽ നിന്ന് ലഭിക്കും എന്നാണ് ധനവകുപ്പിൻ്റെ പ്രതീക്ഷ.
വയനാടിന് വേണ്ടി ജീവനക്കാരുടെ സഹായം ചോദിച്ച മുഖ്യമന്ത്രിയോട് ജീവനക്കാരുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി അറിയിക്കുകയായിരുന്നു സംഘടന നേതാക്കൾ. നിങ്ങൾ എല്ലാവരും കൂടിയാലോചിച്ച് ഒരു തീരുമാനത്തിലെത്തണമെന്ന നിർദ്ദേശമായിരുന്നു മുഖ്യമന്ത്രിയുടേത്.
നിശ്ചിത ദിവത്തെ ശമ്പളമാണ് പ്രതീക്ഷിക്കുന്നതെന്നാണ് ജീവനക്കാരുടെ കണക്ക് കൂട്ടൽ. ക്ഷാമബത്ത, സറണ്ടർ, ഫെസ്റ്റിവൽ അലവൻസ് എന്നിവയിൽ നിന്നും ജീവനക്കാരുടെ സമ്മതപ്രകാരം നിശ്ചിത തുക സമാഹരിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായമാണ് ജീവനക്കാർക്ക്. യാതൊരു കാരണവശാലും നിർബന്ധമായി ശമ്പളം പിടിക്കാൻ പാടില്ല എന്ന നിലപാടിൽ ആണ് ജീവനക്കാരുടെ സംഘടനകൾക്ക്.