ഭക്ഷണ വിതരണം തടഞ്ഞു: വയനാട് ദുരന്തഭൂമിയില്‍ വൈറ്റ് ഗാർഡ് സന്നദ്ധ പ്രവർത്തകരുടെ സേവനം നിർത്തിച്ച് പോലീസ്

വയനാട്: മുണ്ടക്കൈ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും മുസ്‌ലിം യൂത്ത് ലീഗിന്റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാര്‍ഡ് നടത്തിവന്ന ഭക്ഷണവിതരണം തടഞ്ഞ് സംസ്ഥാന പൊലീസ്. കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് നിന്നുള്ള വൈറ്റ് ഗാര്‍ഡ് സംഘം കള്ളാട് മഖാം കേന്ദ്രീകരിച്ച് കഴിഞ്ഞ നാല് ദിവസമായി ഭക്ഷണ വിതരണം നടത്തിയിരുന്നതാണ് പോലീസ് ഇടപെട്ട് നിർത്തിവെപ്പിച്ചത്.

ഡിഐജി തോംസണ്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഭക്ഷണവിതരണം നിർത്തി തിരിച്ച് മടങ്ങുന്നതെന്ന് വൈറ്റ് ഗാർഡ് അംഗങ്ങള്‍ പറയുന്നു. അതുപോലെ, പൊലീസ് ഉദ്യോഗസ്ഥര്‍ പദവിക്ക് നിരക്കാത്ത ഭാഷ ഉപയോഗിച്ച് തങ്ങളെ ആക്ഷേപിക്കുകയും ചെയ്തു എന്ന് വൈറ്റ് ഗാര്‍ഡ് അംഗം ആരോപിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന വിവിധ സേനകളിലുള്ള ആയിരത്തിലധികം പേര്‍ക്കാണ് മൂന്ന് നേരവും വൈറ്റ് ഗാര്‍ഡ് ഭക്ഷണം നല്‍കിയിരുന്നത്.

രാവിലെ തുടങ്ങുന്ന ഭക്ഷണ വിതരണം രാത്രി രക്ഷാപ്രവര്‍ത്തകര്‍ തിരികെ പോകുന്നത് വരെ തുടരും. രക്ഷാദൗത്യത്തിന് പോകുന്നവര്‍ക്ക് ഭക്ഷണം പാഴ്‌സലായും നല്‍കിയിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഭക്ഷണവുമായി പോകുമ്പോഴാണ് പൊലീസ് തടഞ്ഞത് എന്നാണ് ഇവര്‍ പറയുന്നത്.

വൈറ്റ് ഗാർഡിന്റെ സേവനം നിർത്തിവെപ്പിച്ചതിനെതിരെ പ്രതിഷേധവും വിമർശനവും ശക്തമാകുകയാണ്.

ഒട്ടേറെ പേര്‍ക്ക് സൗജന്യമായി നല്‍കിയ ഭക്ഷണ വിതരണം നിര്‍ത്തിച്ചത് ശുദ്ധ തെമ്മാടിത്തമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു ദിവസം എണ്ണായിരത്തോളം ഭക്ഷണമാണ് അവര്‍ വെച്ച് വിളമ്പിയത്. സ്‌പോണ്‍സര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് പലരും എന്നെ വിളിച്ച വിവരം അറിയിച്ചപ്പോള്‍ ഒന്നും വേണ്ടെന്നാണ് അവരെന്നോട് പറഞ്ഞത്. ദുരന്തബാധിത പ്രദേശത്തും പരിസരത്തുമുള്ള ഒരാള്‍ പോലും ഭക്ഷണം കിട്ടാതെ പ്രയാസപ്പെട്ടില്ല.

നരിപ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗിനെ കുറിച്ച്, വൈറ്റ് ഗാര്‍ഡിന്റെ പാചകപ്പുരയെ സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു. ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കി. എല്ലാവരും നല്ലത് പറഞ്ഞു. എന്നാലിന്ന് വൈകുന്നേരത്തോടെ ഡി.ഐ.ജി തോംസണ്‍ ജോസ് വന്ന് പാചകപ്പുര നിര്‍ത്താന്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനമാണെന്ന് പറഞ്ഞു. ചോദ്യം ചെയ്ത സംഘാടകരെ ഭീഷണിപ്പെടുത്തി. സങ്കടത്തോടെ അവരിന്നാ ഭക്ഷണ വിതരണം നിര്‍ത്തി.

വയനാട്ടിലെ ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ന് വരെ സര്‍ക്കാറിനെതിരെ ഒരക്ഷരം ഞങ്ങളാരും പറഞ്ഞിട്ടില്ല. പരാതികളില്ലാത്തത് കൊണ്ടല്ല. ദുരന്തമുഖത്ത് ചേര്‍ന്ന് നില്‍ക്കുക എന്നത് പാര്‍ട്ടിയുടെ നിലപാടായത് കൊണ്ടാണ്.
എന്നാലിപ്പോള്‍ ഒട്ടേറെ പേര്‍ക്ക് സൗജന്യമായി നല്‍കിയ ഭക്ഷണ വിതരണം നിര്‍ത്തിച്ചത് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ശുദ്ധ തെമ്മാടിത്തമാണ്.

നാല് ദിവസം വിശ്രമമില്ലാതെ സേവനം ചെയ്തവരെ ആക്ഷേപിച്ചത് പൊറുക്കാനാവാത്ത തെറ്റാണ്. ഇതിന് സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരൂ… – പി.കെ. ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments