കോഴിക്കോട്: സ്പീക്കർ എ.എൻ. ഷംസീർ കുടുംബസമേതം അമേരിക്കയിലേക്ക് പുറപ്പെട്ടു. ഷിക്കാഗോയില്‍ നടക്കുന്ന പാർലമെന്ററിരംഗവുമായി ബന്ധപ്പെട്ട രണ്ട് ദിവസത്തെ പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം പോയിരിക്കുന്നത്.
ഇന്ന് പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നാണ് സ്പീക്കറും കുടുംബവും ഖത്തറിലേക്ക് പറന്നത്. ദോഹയില്‍ നിന്ന് രാവിലെ 8 മണിയോടെ ചിക്കാഗോയിലേക്കും തിരിച്ചു. ഖത്തർ എയർവേയ്സ് വിമാനത്തിലാണ് യാത്ര.
സംസ്ഥാനം നടുങ്ങി നില്‍ക്കുന്ന വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്പീക്കറുടെ വിദേശയാത്ര വിമർശനങ്ങള്‍ക്ക് കാരണമാകുന്നു. 350ലേറെ പേർ മരിക്കുകയും 200ലേറെ പേരെ കാണാതാകുകയും ചെയ്ത ദുരന്തത്തിന്റെ ആഘാതത്തില്‍ നില്‍ക്കുമ്പോള്‍ സ്പീക്കർ, കുടുംബവുമൊന്നിച്ച് വിദേശത്തേക്ക് യാത്രപോയത് ശരിയായില്ലെന്ന വിമർശനം സർക്കാർ തലത്തിലും സി.പി.എമ്മിലും ശക്തിപ്പെടുകയാണ്.
എന്നാല്‍, സംസ്ഥാന നിയമസഭയുടെ സ്പീക്കർ എന്ന നിലയിലുളള ഔദ്യോഗിക പരിപാടിയാണെന്നാണ് സ്പീക്കറുടെ ഓഫീസിന്റെ വിശദീകരണം. എന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഔദ്യോഗിക പരിപാടികള്‍ക്കായി വിദേശത്തേക്ക് പോകുന്നതിന് മുൻപ് വിദേശകാര്യമന്ത്രാലയത്തില്‍ നിന്ന് പൊളിറ്റിക്കല്‍ ക്ളിയറൻസ് വാങ്ങേണ്ടതുണ്ട്. എന്നാല്‍ അമേരിക്കൻ പര്യടനത്തിനായി യാത്രതിരിച്ചിരിക്കുന്ന സ്പീക്കർ എ.എൻ. ഷംസീർ വിദേശകാര്യ വകുപ്പില്‍ നിന്ന് പൊളിറ്റിക്കല്‍ ക്ളിയറൻസ് നേടിയിട്ടില്ല.
ടിക്കറ്റും താമസവും മറ്റും പരിപാടിയുടെ സംഘാടകർ തന്നെയാണ് നല്‍കുന്നത്. സർക്കാർ പണം ചെലവാക്കാത്തത് കൊണ്ടാണ് ഔദ്യോഗിക യാത്രയായിട്ടും പൊളിറ്റിക്കല്‍ ക്ളിയറൻസ് എടുക്കാതിരുന്നതെന്നാണ് വിശദീകരണം.
സ്പീക്കർ വെള്ളിയാഴ്ച്ച ചൂരല്‍മലയും മുണ്ടക്കൈയും അടക്കമുളള ദുരന്തസ്ഥലങ്ങളും മേപ്പാടിയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചിരുന്നു.