BusinessNational

7.5കോടി ആസ്തിയുള്ള വ്യക്തി ; ജോലി ഭിക്ഷാടനം ; ഭാരത് ജെയിന്റെ കഥകേട്ടാൽ കണ്ണ് തള്ളും

മുംബൈ : കഷ്ടപ്പെട്ട് പണം സമ്പാദിക്കുന്നവരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ഭിക്ഷയെടുത്ത് കോടിശ്വരനായി എന്ന കാര്യം കേൾക്കുന്നത് വളരെ അപൂർവ്വമായ വാർത്തകളിൽ പെടുന്ന ഒന്നാണ് . അങ്ങനൊരു യാചകനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

54-കാരനായ ഭാരത് ജെയിൻ എന്ന കോടീശ്വരനായ യാചകനാണ് ആ വ്യക്തി . രാജ്യത്തെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളിലൊന്നായ മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൽ (സി.എസ്.ടി.) ഭിക്ഷാടനം നടത്തി അദ്ദേഹം സമമ്പാദിച്ചത് ഏഴരക്കോടിയുടെ ആസ്തിയാണ്. താമസം ദക്ഷിണ മുംബൈയിലെ പരേലിലെ 1.2 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റിലും. ഭാര്യയും രണ്ടു മക്കളും സഹോദരനും അച്ഛനുമാണ് ഭാരതിനൊപ്പം ഈ രണ്ടുമുറി ഫ്ലാറ്റിൽ കഴിയുന്നത്.

ഭാരത് ജെയിനിന് ഭിക്ഷ യാചിച്ച് ഒരു മാസം ലഭിക്കുന്നത് 60,000 മുതൽ 75,000 രൂപ വരെയാണ്. രാവിലെ മുതൽ രാത്രിവരെ ദിവസവും പത്തുമുതൽ 12 മണിക്കൂർവരെ ജോലി. ഞായറാഴ്ചയടക്കം അവധിയൊന്നുമില്ല. ദിവസം 2000 മുതൽ 2500 രൂപ വരെ ലഭിക്കുന്നുണ്ട്.

ഇത് കൂടാതെ താനെയിൽ വാങ്ങിയ രണ്ട് കടകളുടെ വാടകയായി മാസം 30,000 രൂപ വേറെയും. മക്കൾ പഠിക്കുന്നത് സർക്കാർ സ്കൂളിലൊന്നുമല്ല, തൊട്ടടുത്ത് വൻതുക ഫീസ് കൊ‍ടുക്കേണ്ട കോൺവെന്റ് സ്കൂളിലാണ്. മക്കൾ വളർന്നതോടെ ഈ ജോലി നിർത്താൻ അച്ഛനോട് പറഞ്ഞെങ്കിലും അദ്ദേഹത്തിന് മടി. മാത്രമല്ല ഈ ജീവിതരീതിയൊഴിവാക്കാൻ പറ്റുന്നില്ലെന്നും അദ്ദേഹം പറയുന്നു.

“പണത്തിനോട് ആർത്തിയൊന്നുമില്ലെങ്കിലും ഇത് ശീലമായിപ്പോയി. കിട്ടുന്ന പണത്തിൽ ഒരു ഭാഗം ക്ഷേത്രങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും നൽകാറുണ്ട്” -ജെയിൻ പറയുന്നു. ജെയിനിനെപ്പോലെ രാജ്യത്ത് യാചകരായ ഒട്ടേറെ കോടിപതികൾ വേറെയുമുണ്ട്. രാജ്യത്തെ ‘യാചക വ്യവസായം’ ഏകദേശം ഒന്നരലക്ഷം കോടിയുടേതാണെന്നാണ് കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *