ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഇറാൻ. ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനായി ഉത്തരവിട്ടു.
ബുധനാഴ്ച രാവിലെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ഖംനായി ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഹനിയയുടെ മരണത്തെക്കുറിച്ചുള്ള പ്രതികരണത്തിൽ ഇറാൻ നേരിട്ട് തിരിച്ചടിക്കുമെന്ന് ഖംനായി സൂചിപ്പിച്ചിരുന്നു. ഹനിയയുടെ രക്തത്തിന് പ്രതികാരം ചെയ്യേണ്ടത് കടമയായി കാണുന്നുവെന്നാണ് ഖംനയി വ്യക്തമാക്കിയത്. ഹനിയ വധത്തിന് കഠിനമായ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
‘‘ഇറാൻ എത്ര ശക്തമായി തിരിച്ചടിക്കും എന്ന് വ്യക്തമല്ല. ടെൽ അവീവിനും ഹൈഫയ്ക്കും സമീപം ഡ്രോൺ–മിസൈൽ സംയോജിത ആക്രമണമാണ് ഇറാൻ സൈനിക കമാൻണ്ടർമാരുടെ പരിഗണനയിലുള്ളത്.’’ ഇറാൻ സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രയേൽ ആണെന്ന് ഇറാനും ഹമാസും ആരോപിച്ചിരുന്നു. ഇക്കാര്യം ഇസ്രയേൽ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇറാനിയൻ ആണവ ശാസ്ത്രജ്ഞരും സൈനിക കമാണ്ടർമാരും ഉൾപ്പെടെ നിരവധിപേരെ ഇസ്രയേൽ കൊലപ്പെടുത്തിയിട്ടുണ്ട്.
സിറിയൻ തലസ്ഥാനമായ ദമാസ്‌കസിലെ എംബസിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ സൈനിക കമാൻഡർമാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി ഏപ്രിലിൽ ഇസ്രയേലിനെതിരെ ഇറാൻ മിസൈലാക്രമണം നടത്തി. യെമൻ, സിറിയ, ഇറാഖ് എന്നിവയുൾപ്പെടെ സഖ്യസേനകളുടെ സഹായത്തോടെ സംയോജിത ആക്രമണം നടത്താനുളള പദ്ധതിയും ഇറാനുണ്ട്.