
മുഖ്യമന്ത്രിയുടെ സഹായാഭ്യർത്ഥനക്കെതിരെ പ്രചാരണം; കേസെടുത്ത് പോലീസ്, കലാപശ്രമം ഉള്‍പ്പെടെ ചുമത്തി
തിരുവനന്തപുരം: വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലും സംഭവിച്ച ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം അഭ്യര്‍ഥിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബര്‍ ക്രൈം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകള്‍, ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പ് എന്നിവ അനുസരിച്ചാണ് കേസ്.
സാമൂഹികമാധ്യമമായ എക്‌സില്‍ കോയിക്കോടന്‍സ് 2.0 എന്ന പ്രൊഫൈലില്‍ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ് എന്നാരോപിച്ചാണ് കേസ്.
എക്‌സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റിനെതിരെ കോഴിക്കോട് സൈബര്‍ സെല്ലും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കലാപശ്രമമടക്കം ഉള്‍പ്പെടുത്തിയാണ് കേസ്.
തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ ഇത്തരം പോസ്റ്റുകള്‍ എഡിറ്റ് ചെയ്യുകയും നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു. ഇതിനായി സാമൂഹികമാധ്യമങ്ങളില്‍ സൈബര്‍ പോലീസിന്റെ നിരീക്ഷണം ശക്തമാക്കി.