Crime

വീട്ടില്‍ കയറി യുവതിയെ വെടിവെച്ചത് ഭർത്താവിനോടുള്ള പ്രതികാരം; വനിത ഡോക്ടറെ പീഡിപ്പിച്ചതിന് കേസ്

തിരുവനന്തപുരം: കൊറിയർ നൽകാനെന്ന വ്യാജേന മുഖം മറച്ചെത്തി തിരുവനന്തപുരം വഞ്ചിയൂരിലെ നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ച് പരുക്കേൽപിച്ച സംഭവത്തില്‍ ഷിനിയുടെ ഭർത്താവ് സുജിത്തിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. ആദ്യം പ്രചരിച്ച വാർത്തകള്‍ക്ക് വിപരീതമായ കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്.

വെടിവെപ്പ് കേസിലെ പ്രതിയായ വനിത ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തന്നെ പീഡിപ്പിച്ചതിലുള്ള പ്രതികാരമായാണ് സുജിത്തിന്റെ വീട്ടിൽ കയറി ഭാര്യയെ ആക്രമിച്ചതെന്നാണ് മൊഴി.

വെടിവെപ്പ് കേസില്‍ അറസ്റ്റിലായ വനിത ഡോക്ടർ, വെടിയേറ്റ് പരിക്കേറ്റ ഷിനി

കഴിഞ്ഞ ഞായറാഴ്‌ച രാവിലെയാണ് വീട്ടിൽ കയറി ഷിനിയെ വനിത ഡോക്ടർ വെടിവച്ചത്. മുഖം മറച്ചെത്തിയ ഇവർ ആമസോൺ കൊറിയർ നൽകാൻ വന്നതാണെന്നായിരുന്നു പറഞ്ഞത്. തുടർന്ന് ഷിനിയെ വെടിവച്ച ശേഷം അവിടെനിന്ന് കടന്നു. വനിത ഡോക്ടർ വന്ന കാറിന്റെ നമ്പറും വ്യാജമായിരുന്നു. സിൽവർ കളറിലുള്ള കാർ ഇവരുടെ ഭർത്താവിന്റെ ആയൂരിലുള്ള വീട്ടില്‍ നിന്ന് കണ്ടെത്തിയതോടെയാണ് ഇവർ അറസ്റ്റിലായത്. ഇവരുടെ ഭർത്താവിന്റെ അച്ഛന്റെ പേരിലുള്ള കാറായിരുന്നു ഇത്.

ആരെയും സംശയമില്ലെന്നും ആർക്കും തന്നോട് വിരോധമുണ്ടാകില്ലെന്നുമായിരുന്നു വെടിയേറ്റ ഷിനിയുടെ മൊഴി. എന്നാൽ ഇത് പൊലീസ് മുഖവിലക്കെടുത്തില്ല. പിന്നീട്, ഷിനിയുടെയും സുജിത്തിന്റെയും ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്.

തുടർന്ന് ചൊവ്വാഴ്‌ച ഉച്ചയോടെ വനിത ഡോക്ടർ ചെയ്യുന്ന കൊല്ലത്തെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതി ഈ ആശുപത്രിയിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ആറ് മാസം പോലും ആയിട്ടില്ലെന്നാണ് വിവരം. വനിത ഡോക്ടറും ഷിനിയുടെ ഭർത്താവ് സുജിത്തും സ്വകാര്യ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്നതിനിടെ കൊവിഡ് കാലത്താണ് പരിചയത്തിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *