വയനാട് ദുരന്തത്തിന് പിശുക്കി സഹായം; 400 കോടി ബജറ്റിൽ ഉണ്ടായിട്ടും അനുവദിച്ചത് 6 കോടി മാത്രം

കേരളമാകെ വിറങ്ങലിച്ചുനില്‍ക്കുന്ന ചരിത്രത്തില്‍ സമാനതകളില്ലാത്ത ദുരിതം നേരിടുന്ന വയനാട് ദുരന്തം നേരിടാൻ സർക്കാർ അനുവദിച്ചത് വെറും ആറു കോടി രൂപ. ദുരിതാശ്വാസ പ്രവൃത്തികള്‍ ഏകോപിപ്പിക്കാൻ പണം അനുവദിക്കണമെന്ന വയനാട് കളക്ടറുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ വകുപ്പിൽ നിന്നാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയിരിക്കുന്നത്.

ഈ സാമ്പത്തിക വർഷത്തിലെ ബജറ്റ് പ്രൊവിഷനില്‍ നിന്ന് തുക വിനിയോഗിക്കണമെന്നാണ് കളക്ടർക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡപ്രകാരം മാത്രം തുക വിനിയോഗിക്കണമെന്നും വിനിയോഗം സംബന്ധിച്ച വിവരം പോർട്ടലിൽ രേഖപ്പെടുത്തണമെന്നും വിനിയോഗ സർട്ടിഫിക്കറ്റ് സർക്കാരിലേക്ക് ലഭ്യമാക്കണമെന്നും ഉത്തരവിൽ പറയുന്നു.

ആഹാരത്തിനും വസ്ത്രത്തിനും 2 കോടി, ആളുകളെ മാറ്റി പാർപ്പിക്കാൻ 2 കോടി, മറ്റിനങ്ങൾക്ക് 2 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ആളുകളെ മാറ്റി പാർപ്പിക്കാൻ ബജറ്റിൽ 42.16 കോടി വകയിരുത്തിയിട്ടുണ്ട്. 2245-02 – 112 – 99 ( Non – Plan) എന്ന ശീർഷകത്തിലാണ് 42.16 കോടി വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ ഇതിൽ നിന്ന് വെറും 2 കോടിയാണ് അനുവദിച്ചിരിക്കുന്നത്.

ആഹാരത്തിനും വസ്ത്രത്തിനും 40.25 കോടിയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. 2245-02- 101- 98 (Non- Plan) എന്ന ശീർഷകത്തിലാണ് 40.25 കോടി വകയിരുത്തിയിരിക്കുന്നത്. ഇതിലും ഇപ്പോള്‍ അനുവദിച്ചതാകട്ടെ വെറും 2 കോടിയും.

മറ്റിനങ്ങൾക്കായി 317. 58 കോടി 2245-02-101-94 എന്ന ശീർഷകത്തിൽ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. മറ്റിനങ്ങൾക്കായി അനുവദിച്ചതാകട്ടെ 2 കോടി മാത്രവും. ഏകദേശം 400 കോടിയോളം രൂപ ഈ ശീർഷകങ്ങളിൽ ബജറ്റിൽ വകയിരുത്തിയിട്ടും നൽകിയത് 6 കോടി മാത്രം.

ബജറ്റിലെ തുക അനുവദിക്കപ്പെട്ടിരിക്കുന്നതിന്റെ വിശദാംശങ്ങള്‍

അതേസമയം, 31ാം തീയതി വൈകുന്നേരം പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 250 കവിഞ്ഞു. മരണ സംഖ്യ ഇനിയും ഉയരും എന്നാണ് റിപ്പോർട്ട്. വയനാട് ദുരന്തത്തിന് കോടികൾ ആവശ്യമുള്ളപ്പോഴാണ് ബജറ്റ് വിഹിതം 400 കോടി ഉള്ള ശീർഷകങ്ങളിൽ നിന്ന് വെറും 6 കോടി അനുവദിച്ചത്. വയനാടിന് പണം അനുവദിക്കാൻ അമാന്തം കാണിക്കരുതെന്ന അഭ്യർത്ഥനയാണ് സമൂഹത്തില്‍ നിന്ന് ഉയരുന്നത്. അടിയന്തിരമായി ബജറ്റ് വിഹിതത്തിൽ നിന്ന് 100 കോടിയെങ്കിലും പ്രാഥമികമായി അനുവദിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments