Crime

‘ബെംഗളൂരുവില്‍ നിയമം പഠിക്കാന്‍’: ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അനുപമയ്ക്ക് ജാമ്യം

കൊച്ചി: കേരളം ഏറെ ചര്‍ച്ച ചെയ്ത കൊല്ലം ഓയൂരിലെ കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ മൂന്നാം പ്രതിയായ അനുപമ പത്മകുമാറിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി.

ബെംഗളുരുവില്‍ എല്‍എല്‍ബിക്ക് പഠിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ച് ജസ്റ്റിസ് സി.എസ്.ഡയസ്സിന്റെ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. അനുപമയാണ് കേസിന്റെ പ്രധാന ആസൂത്രക എന്ന വാദം ഉയര്‍ത്തി സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു.

എന്നാല്‍ മറ്റാരുടെയെങ്കിലും ജാമ്യാപേക്ഷയാണ് പരിഗണിച്ചിരുന്നത് എങ്കില്‍ അവരാണ് ആസൂത്രകര്‍ എന്ന വാദമുയര്‍ത്തിയായിരിക്കും സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുകയെന്നും, ഇത് അനുപമയുടെതായതു കൊണ്ട് ആസൂത്രണം അനുപമയാണെന്ന് പറയുന്നു. ഈ കേസുമായി അനുപമയ്ക്ക് യാതൊരു ബന്ധവുമില്ല. കേസിലെ ഒന്നും രണ്ടും പ്രതികള്‍ മാതാപിതാക്കളാണ്. പഠനാവശ്യത്തിനു വേണ്ടിയാണ് ജാമ്യം ആവശ്യപ്പെടുന്നത് എന്നുമായിരുന്നു അനുപമയുടെ അഭിഭാഷകൻ്റെ വാദം. തുടര്‍ന്ന് കൊല്ലം ജില്ലയില്‍ പ്രവേശിക്കരുത്, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒടുവിലാണ് ഓയൂര്‍ ഓട്ടുമലയില്‍ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവമുണ്ടാകുന്നത്. കാറില്‍ തട്ടിക്കൊണ്ടു പോയ കുട്ടിയെ തൊട്ടടുത്ത ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡിസംബര്‍ ഒന്നിന് പ്രതികളായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതരാജില്‍ കെ.ആര്‍.പത്മകുമാര്‍ (51), ഭാര്യ എം.ആര്‍.അനിതകുമാരി (39), മകള്‍ പി.അനുപമ (21) എന്നിവര്‍ പിടിയിലാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *